തളിപ്പറമ്പ്: അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ച ഓട്ടോ ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന എട്ടുപേർക്കെതിരേ കേസെടുത്തു. പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ അരിയിലെ മഠത്തില്‍ വളപ്പില്‍ കൃഷ്ണനെ(45) ഇന്നലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച്ച വൈകുന്നേരം ആറോടെയാണ് സംഭവം.
അരിയിലെ വീട്ടിലേക്ക് പോവുകയായിരുന്ന കൃഷ്ണന് പുളിമ്പറമ്പിലെ പഴയ ഹരിഹര്‍ ടാക്കീസിനു സമീപമെത്തിയപ്പോള്‍ ബൈക്കിലെത്തിയ ഒരാള്‍ കൃഷ്ണന്റെ ഓട്ടോയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഓട്ടോറിക്ഷയിലിടിച്ച് തെറിച്ചുവീഴുകയായിരുന്നത്രെ. ഉടന്‍ തന്നെ കൃഷ്ണന് ഇയാളെ തന്റെ ഓട്ടോയില്‍ കയറ്റി തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
സംഭവമറിഞ്ഞ് കാറില്‍ എത്തിയ പരിക്കേറ്റയാളുടെ സുഹൃത്തുക്കള്‍ ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെന്ന് പറഞ്ഞ് കൃഷ്ണനോട് സംഘം ആശുപത്രിക്ക് മുമ്പിലുണ്ടായിരുന്ന കാറില്‍ കയറുവാന്‍ ആവശ്യപ്പെട്ടു.
തനിക്ക് വീട്ടിലേക്ക് ഫോണ്‍ ചെയ്ത് കാര്യങ്ങള്‍ അറിയിക്കണമെന്ന് കൃഷ്ണന് സംഘത്തോട് ആവശ്യപ്പെട്ടെങ്കിലും ഇതിനു സമ്മതിക്കാതെ കൃഷ്ണനെ ബലമായി കാറിലേക്ക് വലിച്ച് കയറ്റാന്‍ ശ്രമിക്കുകയും ഇതിനിടയില്‍ നിലത്ത് തലയിടിച്ച് വീണ കൃഷ്ണനെ ചവിട്ടുകയും ചെയ്തു എന്നാണ് പരാതി.
കൃഷ്ണന്റെ നിലവിളി കേട്ട് ആള്ക്കാര് ഓടിക്കൂടിയതോടെ അക്രമികള്‍ കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോ തൊഴിലാളി സംഘടനാ നേതാക്കള്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്കി.
പരാതിയില്‍ തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് ഉത്തരവാദികളായവരെ തിരിച്ചറിഞ്ഞതായും സംഭവസമയത്തെ താലൂക്ക് ആശുപത്രി പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് എട്ട് പേർക്കെതിരെ കേസെടുത്തതെന്ന് എസ്ഐ കെ. ദിനേശന് പറഞ്ഞു.