മുക്കം: രണ്ട് പരിസ്ഥിതി പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതികളെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞയാഴ്ചയാണ് മരഞ്ചാട്ടിയിൽ അഞ്ചോളം വരുന്ന ടിപ്പർ തൊഴിലാളികൾ കൂരാപ്പള്ളി ബാബു ,പി.കെ.ബഷീർ എന്നീ പരിസ്ഥിതി പ്രവർത്തകരെ മർദ്ദിച്ചത്.
മർദ്ദനമേറ്റ പരിസ്ഥിതി പ്രവർത്തകരെ മണിക്കൂറുകൾ കഴിഞ്ഞതിനുശേഷമാണ് മുക്കം പോലീസ് സ്ഥലത്തെത്തി ആശുപത്രികളിലേക്ക് മാറ്റിയത്. മരഞ്ചാട്ടിയിൽ പ്രവർത്തിക്കുന്ന പൂനൂർ പൊയിൽ ക്രഷർ അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്നും സർക്കാർ ഭൂമി കയ്യേറിയാണ് ക്രഷർ പ്രവർത്തനം നടത്തുന്നതെന്നും ബഷീർ നേരത്തെ വിജിലൻസിൽ പരാതിനൽകിയിരുന്നു.
ഇതേതുടർന്നാണ് ക്വാറി ഉടമയുടെ നിർദ്ദേശപ്രകാരം ടിപ്പർ തൊഴിലാളികൾ ബഷീറിനെയും ബാബുവിനെയും മർദ്ദിച്ചതെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. ഇവരെ മർദ്ദിച്ചവരെ ഉടൻ തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു.