പേരാമ്പ്ര: വീടുകളിൽ മാർബിൾ പതിക്കുന്നതിന് കുറഞ്ഞ കൂലി ഈടാക്കുന്നുവെന്ന് ആരോപിച്ച് രാജസ്ഥാൻ സ്വദേശിയായ യുവാവിനെ 11 അംഗ സംഘം ക്രൂരമായി മർദിക്കുകയും ഭീഷണിപ്പെടുത്തി ചെക്ക് ലീഫ് ഒപ്പിട്ടു വാങ്ങിയതായും പരാതി. എടവരാട് വാടകവീട്ടിൽ താമസിക്കുന്ന ജയ്പൂർ സ്വദേശി ഇംറാജ് ആണ് മർദനത്തിനിരയായത്.
ബുധനാഴ്ച വൈകീട്ട് ആറരയോടെ കല്ലോട് ചേനായി റോഡ് ജംഗ്ഷനു സമീപമാണ് സംഭവം. ഒരു വീട്ടിൽ ജോലിയുണ്ടെന്ന വ്യാജേനയാണ് ഇംറാജിനെ ഫോണിൽ വിളിച്ചുവരുത്തിയത്. മർദനത്തിനിടയിൽ ഭീഷണി മുഴക്കി 40,000 രൂപയുടെ ചെക്ക് ഇയാളിൽനിന്ന് സംഘം കൈക്കലാക്കി.
ഇംറാജ് കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്നത് തങ്ങളുടെ തൊഴിൽ സാധ്യത നഷ്ടപ്പെടുത്തുന്നുവെന്നാണ് മർദിച്ചവരുടെ ആരോപണം. വ്യാഴാഴ്ച രാവിലെ ഇംറാജ് ജോലിക്ക് പോകാത്തതിനെക്കുറിച്ച് പരിസരവാസികൾ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തായത്. പരാതിപ്പെട്ടാൽ ഇനിയും അക്രമമുണ്ടാകുമെന്ന് ഭയന്നാണ് യുവാവ് സംഭവം മറച്ചുവച്ചത്. ഒടുവിൽ നാട്ടുകാർ ഇടപെട്ടപ്പോൾ ഇയാൾ പേരാമ്പ്ര പോലീസിൽ പരാതി നൽകി.