ചക്കരക്കൽ: പെട്രോൾ പന്പിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ” കണ്ണൂർ ഭദ്രനെ’ ഒടുവിൽ പോലീസ് ജയിലിലടച്ചു. ശനിയാഴ്ച രാത്രിയിൽ ഏച്ചൂരിലെ സിആർ പെട്രോള്‍ പമ്പില്‍ കയറി ജീവനക്കാരൻ മാച്ചേരി സ്വദേശി പ്രദീപനെ (58) ക്രൂരമായി ആക്രമിക്കുകയും ഒരു മണിക്കൂറോളം നേരം ആക്രോശം മുഴക്കുകയും ചെയ്ത സംഭവത്തിലാണ് അരോളി സ്വദേശി കണ്ണൂര്‍ ഭദ്രന് എന്ന മഹേഷ് (43), ഏച്ചൂർ കട്ടൻ കവർ സ്വദേശി ഗിരീശന്(63), മാച്ചേരി സ്വദേശി സിബിന് (43) എന്നിവരെ ചക്കരക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
പെട്രോൾ പന്പിലെത്തിയ മഹേഷ് താൻ ക്വട്ടേഷൻ ഗുണ്ട കണ്ണൂർ ഭദ്രനാണെന്ന് പറഞ്ഞ് ഭീഷണി മുഴക്കുകയായിരുന്നു. ഇതിനിടയിൽ ഇയാൾ ജീവനക്കാരൻ പ്രദീപനെ മർദ്ദിക്കുകയും ചെയ്തിരുന്നു.
പോലീസിനെ വിളിക്കാൻ പറഞ്ഞ ഇയാൾ താൻ രാഷ്ട്രീയ പാർട്ടികൾക്കുവേണ്ടി ക്വട്ടേഷൻ പണിയെടുക്കുന്ന ആളാണെന്നും പോലീസ് തന്നെ ഒരു ചുക്കും ചെയ്യില്ലെന്ന് പറയുന്നുണ്ടായിരുന്നു.
പെട്രോൾ അടിക്കാൻ എത്തിയവർ അക്രമം തടയാൻ ശ്രമിച്ചെങ്കിലും ഇവർക്ക് നേരെയും തിരിയുകയായിരുന്നു. ഇവിടെയുള്ള ഒരാൾ വീഡിയോ പകർത്തിയത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.സ്വത്തുവിൽപനയുമായി ബന്ധപ്പെട്ട് പ്രദീപൻ കമ്മിഷൻ തുകയിൽ കൊടുക്കാനുണ്ടായിരുന്ന 25000 രൂപയെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചതത്രെ.