പത്തനംതിട്ട: ആക്രമണത്തിനിടെ പ്രാണരക്ഷാര്‍ഥം അഭയം തേടിയ യുവതികളെ സംരക്ഷിച്ച വീട്ടമ്മയ്ക്കും മക്കള്‍ക്കും മര്‍ദനമേറ്റ സംഭവത്തില്‍ യുവാവിനെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. പെരുനാട് ളാഹ മഞ്ഞത്തോട് കോളനിയില്‍ ഭാഗ്യരാജാണ് (23)പിടിയിലായത്. ശനിയാഴ്ച രാത്രി ഏഴോടെ അയല്‍വാസികളായ മീനാക്ഷിയെയും സുധയെയും യുവാവ് ഉപദ്രവിച്ചു.
ഇതിനിടെ ഇവര്‍ അയല്‍വാസിയായ മനോജിന്റെ ഷെഡിലേക്ക് അഭയം പ്രാപിച്ച് ഓടിക്കയറി. പ്രകോപിതനായി ഷെഡിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ ഭാഗ്യരാജിനെ മനോജിന്റെ ഭാര്യ ഓമന തടയാന്‍ ശ്രമിച്ചതിന് അസഭ്യം വിളിച്ച ഇയാള്‍ കൈയിലിരുന്ന കൈയിലിരുന്ന വടികൊണ്ട് ഓമനയെ മര്‍ദിച്ചു.
തുടര്‍ന്ന് വസ്ത്രം വലിച്ചുകീറുകയും തള്ളിയിടുകയും ചെയ്തുവെന്നാണ് പരാതി. ഇടയ്ക്കു കയറിയ കുട്ടികളുടെയും വസ്ത്രം വലിച്ചുകീറുകയും മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന്, ഷെഡിനുള്ളില്‍ കടന്ന് കട്ടിലുകളും അലമാരയും പാത്രങ്ങളും വസ്ത്രങ്ങളും തീവച്ച് നശിപ്പിച്ചു. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വീട്ടമ്മയ്ക്ക് മാനഹാനി ഉണ്ടാക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷമാണ് ഇയാള്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന് ഓമനയും കുടുംബവും മഞ്ഞത്തോടുള്ള കാനാത്തറയില്‍ സാംകുട്ടിയുടെ വീട്ടില്‍ അഭയം തേടി. വിവരമറിഞ്ഞ് അവിടെ എത്തിയ പെരുനാട് പോലീസ് ഓമനയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, ദേഹോപദ്രവം, അതിക്രമിച്ചു കടക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്ക് പുറമേ ബാലനീതി നിയമപ്രകാരമുള്ള വകുപ്പുകളുമിട്ടാണ് പോലീസ് കേസെടുത്തത്.പത്തനംതിട്ട ജനറല്‍ ആശുപത്രിപരിസരത്തുനിന്നാണ് ഭാഗ്യരാജിനെ പിടികൂടിയത്. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ ദേഹത്തു കണ്ട പരിക്കുകളെക്കുറിച്ചും പോലീസ് അന്വേഷിച്ചു.
അയല്‍വാസിയായ ബോസും മക്കളും കൊക്കത്തോട് സ്വദേശിയായ ഒരാളും ചേര്‍ന്ന് മര്‍ദിച്ചതാണെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ അവര്‍ക്കെതിരേയും കേസെടുത്തതായി പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് ശാസ്ത്രീയ അന്വേഷണസംഘം പരിശോധന നടത്തിയ തെളിവുകള്‍ ശേഖരിച്ചു. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു.