ചെറായി: പളളിപ്പുറത്ത് മാനസികാസ്വാസ്ഥ്യമുള്ള വീട്ടമ്മയെയും മകളെയും ക്രൂരമായി മർദിച്ച സംഭവത്തിൽ പിടിച്ചുമാറ്റാൻ ചെന്നയാളെയും മക്കളെയും ജാമ്യത്തിലിറങ്ങിയ പ്രതികളിൽ ഒരാൾ ഭീഷണിപ്പെടുത്തുന്നെന്നാരോപിച്ച് മുനമ്പം പോലീസിൽ പരാതി നൽകി.
കേസിലെ ഒന്നാം പ്രതിക്കെതിരേ പള്ളിപ്പുറം പൈങ്ങാത്തറ ബിജു ദേവസിയാണ് പരാതി നൽകിയത്. മർദിച്ച ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും അത് പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തത് ബിജുവാണെന്നാരോപിച്ചാണ് ഭീഷണി മുഴക്കുന്നതെന്നു പരാതിയിൽ പറയുന്നു.
യുവതിയെ മർദിക്കുന്ന വീഡിയോ ദൃശ്യം കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.എസ്. സോളിരാജ് ചാനലുകൾക്കും മറ്റു മാധ്യമങ്ങൾക്കും എത്തിച്ചുകൊടുക്കുകയും മർദനമേറ്റ യുവതിയുടെ മകളെക്കൊണ്ട് പോലീസിനു പരാതി നൽകിക്കുകയും ചെയ്തിരുന്നു.
ഇതേത്തുടർന്നാണ് പോലീസ് കേസ് എടുക്കുകയും ആറു പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും ചെയ്തത്. ഈ ദൃശ്യങ്ങൾ പകർ ത്തി നൽകിയത് ബിജുവാ ണെ ന്നാണ് പ്രതി ആരോപിക്കുന്നത്. റിമാൻഡിലായ പ്രതികൾക്ക് കോടതി പിന്നീട് വ്യവസ്ഥകൾക്കു വിധേയമായി ജാമ്യം അനുവദിക്കുകയായിരുന്നു.