പത്തനാപുരം : യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം പീഡനശ്രമം ആരോപിച്ച് സംഘം ചേര്‍ന്ന് മര്‍ദിച്ച് അവശനാക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി .പ്രതികൾ ഒളിവിലാണ്. മുന്പുംഅടിപിടി ഉൾപ്പടെ വിവിധ കേസുകളിൽ പെട്ടവരാണ് പ്രതികളിലധികവും. മേലില മൈലാടുംപാറ രതീഷ് ഭവനില്‍ ബിനീഷ് കുമാറി (30) നാണ് മര്‍ദനമേറ്റത്.
യുവാവിനെ അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ്, സംഭവത്തിന്റെ ഗൗരവം പോലീസ് മനസിലാക്കുന്നത്.പ്രതി ഭാഗത്തിന്റെ പരാതിയിൽ ജയിലാക്കിയ ബിനീഷിന്റെയോ ബസുക്കളുടെയോ പരാതി കേൾക്കാൻ പോലീസ് മുൻപ് തയ്യാറായില്ലന്നും ആക്ഷേപമുണ്ട്. കൊട്ടാരക്കര സബ് ജയിലിൽ കഴിയുന്ന ബിനീഷിന്റെ മൊഴി ഇന്ന് പൊലീസ് എടുക്കും.
കഴിഞ്ഞ ദിവസം രാത്രി ഒന്‍പതോടെയാണ് സംഭവം. ബിനീഷിന്റെ വീടിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഒരു സംഘം ആളുകളാണ് മര്‍ദ്ദിച്ചതെന്ന് ബീനിഷിന്റെ മാതാവ് പറയുന്നു. രാത്രി വീട്ടിലേക്ക് പാല് വാങ്ങി നല്‍കണമെന്ന് വാടകവീട്ടിലെ സ്ത്രീ പറഞ്ഞതിനെ തുടര്‍ന്ന് പാലുമായി പോയ ബിനീഷിനെ വീടിനുള്ളില്‍ പതുങ്ങിയിരുന്ന സംഘം കതകടച്ച് മുളകുപൊടി വിതറിയ ശേഷം മാരകായുധങ്ങളുമായി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
തുടർന്ന് പീഡനശ്രമം ആരോപിച്ച് മര്‍ദ്ദിച്ചവര്‍ തന്നെ പോലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് ബിനീഷിനെ കസ്റ്റഡിയിൽ എടുത്തു.ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായ ബീനിഷിനെ ചികിത്സ പോലും നല്‍കാതെ കേസെടുത്ത് റിമാൻഡ് ചെയ്തു. ജയിലിൽ കഴിയുന്ന ബിനീഷിന് ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്നും പ്രാഥമിക ആവശ്യങ്ങൾ സാധിക്കാൻ പോലും പറ്റാത്ത സാഹചര്യമാണെന്നും അടിയന്തിര ചികില്‍സ വേണമെന്നും ബന്ധുക്കൾ പറയുന്നു.
വാടക വീട് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വിപണനവും സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളും ഉണ്ടെന്നും ഇത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നും പറയുന്നു.ഇരുകൂട്ടരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് പ്രശ്നത്തിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം.11 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ബിനീഷിനന്റെ അമ്മ ശശികല നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുന്നിക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.അന്വേഷണം ഊർജിതമാക്കി പ്രതികളെ പിടികൂടണമെന്നാവശ്യപെട്ട് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്.