പഴയങ്ങാടി: മാടായി കോളജിലേക്ക് വരികയായിരുന്ന വിദ്യാർഥിനി ബസിൽ നിന്ന് ഇറങ്ങുന്നതിനു മുന്പ് ബസ് മുന്നോട്ടെടുത്തതിനെ തുടർന്ന് വസ്ത്രം കുടുങ്ങി കീറുകയും കണ്ടക്ടർ മോശമായി പെരുമാറുകയും ചെയ്തതും ചോദ്യം ചെയ്ത എസ്എഫ്ഐ പ്രവർത്തകന് മർദനം. മാടായി കോളജ് രണ്ടാ വർഷ ഹിസ്റ്ററി വിദ്യാർഥിയും എസ്എഫ്ഐ മാടായി ഏരിയ ജോയിന്റ് സെക്രട്ടറിയുമായ റമീസി(20) നാണ് മർദനമേറ്റത്.
ബുധനാഴ്ച രാവിലെയായിരുന്നു വിദ്യാർഥിനിയോട് ബസ് കണ്ടക്ടർ മോശമായി പെരുമാറിയത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2.30 ഓടെയാണ് ബൈക്കിലെത്തിയ സംഘം മാടായിപാറയിൽ വച്ച് റമീസിനെ മർദിച്ചത്. വിദ്യാർഥിനിക്കുണ്ടായ ദുരനുഭവത്തിനെതിരേ ബസ് ജീവനക്കാർക്കെതിരേ എസ്എഫ്ഐ മാടായി കോളജ് യൂണിറ്റ് എരിപുരം പോലീസിൽ പരാതി നൽകുകയും ബസ് ജീവനക്കാരുടെ നടപടിയിൽ പ്രതിഷേധിച്ച് ബുധനാഴ്ച പഴയങ്ങാടി ബസ് സ്റ്റാൻഡിലേക്ക് പ്രകടനം നടത്തുകയും ചെയ്തിരുന്നു.
ഇതിന്റെ വിരോധത്താലാണ് മർദനമെന്ന് എസ്എഫ്ഐ ആരോപിച്ചു. പരിക്കേറ്റ റമീസിനെ എരിപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബസുകളിൽ വിദ്യാർഥികൾ കടുത്ത വിവേചനമാണ് അനുഭവിക്കേണ്ടി വരുന്നതെന്ന് എസ്എഫ്ഐ ചൂണ്ടിക്കാട്ടി. ബസുകൾ പോകുന്പോൾ ജീവനക്കാർ ഇന്റർവ്യു നടത്തി മാത്രം കയറ്റുകയും സീറ്റുണ്ടായാൽ പോലും ഇരിക്കാൻ അനുവദിക്കാതിരിക്കുകയും മോശമായി പെരുമാറുകയുോമാണെന്നും എസ്എഫ്ഐ ആരോപിച്ചു. ഇത്തരം പ്രവണതകൾ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് എസ്എഫ്ഐ മാടായി ഏരിയാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.