തൃശൂർ: ഭൂമിവില്പനയുമായി ബന്ധപ്പെട്ട വിരോധത്തെ തുടർന്ന പ്രായപൂർത്തിയാകാത്ത മക്കളുടെ മുന്നിൽവച്ചു വിധവയായ യുവതിയെ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ച കേസിൽ അഞ്ചുപേർക്കു മൂന്നേകാൽ വർഷം കഠിനതടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു.
പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം അധികത്തടവ് അനുഭവിക്കേണ്ടി വരും.പെരിങ്ങോട്ടുകര വടക്കുംതള്ളി വീട്ടിൽ ഹണി (43), ചാഴുപ്പുരയയ്ക്കു മിതേഷ് (38), കോഴിക്കാട്ടില്‍ മിലിന് എന്ന മിലു (28), എസ്എൻ പുരം പൊരിബസാര്‍ തൈക്കൂട്ടത്തില്‍ ഷാജി (49), നാഗര്‍കോവില്‍ തിരുനല്‍വേലി തോപ്പില്‍ വിജയ് (30) എന്നിവരെയാണു തൃശൂര്‍ രണ്ടാം അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി വി.ജി. ബിജു ശിക്ഷിച്ചത്.
2013 ആഗസ്റ്റിലാണു കേസിനാസ്പദമായ സംഭവം. ഭർത്താവ് മരിച്ച യുവതി അവരുടെ പേരിലുള്ള സ്ഥലം വിൽക്കാനായി വീട്ടിലെത്തിയ ബ്രോക്കറുമായി സംസാരിക്കുന്പോൾ ഭൂമി വാങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്ന പ്രതികള്‍ സംഘം ചേര്‍ന്നു വീട്ടിൽ അതിക്രമിച്ചു കയറിയാണ് അക്രമം കാട്ടിയത്.
യുവതിയുടെ ചെകിട്ടത്ത് അടിക്കുകയും മുടിക്കുത്തില്‍പ്പിടിച്ച് വീടിനുള്ളിലെ മറ്റൊരു മുറിയിലേക്ക് ലൈംഗിക ഉദ്ദേശ്യത്തോടെ വലിച്ചുകൊണ്ടുപോയി ഉപദ്രവിക്കുകയുമായിരുന്നു.
തടയാന്‍ ശ്രമിച്ച മക്കളെയും സ്ഥലബ്രോക്കറെയും പ്രതികള്‍ മര്‍ദിച്ചു. അന്തിക്കാട് പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയെ തുടർന്നു എസ്ഐ പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലാണ് അനേ്വഷണം നടന്നത്.
11, എട്ട് വയസുള്ള യുവതിയുടെ മക്കളുടെ മുന്നില്‍വച്ചാണു പ്രതികൾ അപമാനിക്കാന്‍ ശ്രമിച്ചത്. മകനെ ഉപദ്രവിക്കുകയും ചെയ്തു.
വിചാരണവേളയിൽ പ്രോസിക്യൂഷനെ സഹായിക്കാൻ അന്തിക്കാട് സ്റ്റേഷനിലെ സിപിഒ സുനോജ് ദാസ് പ്രവര്‍ത്തിച്ചിരുന്നു.
പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജോണ്സണ് ടി. തോമസ്, അഭിഭാഷകരായ എം.ആര്. കൃഷ്ണപ്രസാദ്, റോണ്‍സ് വി. അനില്‍ എന്നിവര്‍ ഹാജരായി.