കൊച്ചി: കൊച്ചിയില്‍ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ രണ്ടാം പ്രതി സൈജു തങ്കച്ചനും സുഹൃത്തുക്കള്‍ക്കുമെതിരേ യുവാവിനെ മര്‍ദിച്ച് കാര്‍ തട്ടിയെടുത്തതിന് കേസ്. സൈജു തങ്കച്ചന് ഒന്നാം പ്രതിയും എറണാകുളം സ്വദേശികളായ റെയ്സ് രണ്ടാം പ്രതിയായും കണ്ടാല്‍ തിരിച്ചറിയാവുന്ന ഒരു യുവതിക്കുമെതിരേയുമാണ് എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കേസ് എടുത്തതിനു പിന്നാലെ സൈജുവും സംഘവും ഒളിവില്‍ പോയി. പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രേമാനന്ദ കൃഷ്ണന് അറിയിച്ചു.ക്രൂര മര്‍ദനത്തില്‍ പരിക്കേറ്റ കുണ്ടന്നൂര്‍ സ്വദേശി അഭിനന്ദാണ് പോലീസില്‍ പരാതി നല്‍കിയത്.
സൈജു പ്രതിയായ കേസില്‍ നിന്നടക്കം ഒഴിവാക്കി കൊടുക്കുന്നതിന് ദത്താത്രേയ സ്വരൂപ് സ്വാമി എന്നയാള്‍ക്ക് 15 ലക്ഷം രൂപ ഇവര്‍ കൊടുത്തിരുന്നു. ഇതിന് ഇടനിലക്കാരനായി നിന്നത് അഭിനന്ദായിരുന്നു. വീടിന്റെ ഇലക്ട്രിക്കല്‍ ഡിസൈന്‍ സംബന്ധിച്ച് നേരില്‍ സംസാരിക്കാനെന്ന് പറഞ്ഞ് പ്രതികള്‍ അഭിനന്ദിനെ ചിലവന്നൂരിലെ ഒരു റിസോര്‍ട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ദത്താത്രേയ സ്വരൂപ് സ്വാമിക്ക് നല്കിയ പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് മര്‍ദിക്കുകയായിരുന്നു.
അഭിനന്ദിന്റെ തലക്ക് പിന്നില്‍ വടി കൊണ്ട് അടിച്ച ശേഷം കഴുത്തില്‍ കുത്തിപ്പിടിച്ച് ഇയാളെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇയാളുടെ ഭാര്യയുടെ പേരിലുള്ള കാര്‍ തട്ടിയെടുക്കുകയും കാറിലുണ്ടായിരുന്ന വസ്തുക്കള്‍ പ്രതികള്‍ കവര്‍ച്ച ചെയ്യുകയും ചെയ്തുവെന്നാണ് പരാതി.