കല്ലൂർക്കാട്: പഞ്ചായത്ത് ഓഫീസിനു സമീപം പഞ്ചായത്തംഗങ്ങളും സിഡിഎസ് വൈസ് ചെയർപേഴ്സണും ഏറ്റുമുട്ടി. കല്ലൂർക്കാട് പഞ്ചായത്ത് ഒന്നാം വാർഡംഗം സുമിത സാബു, സിഡിഎസ് വൈസ് ചെയർപേഴ്സണ് അശ്വതി, ഭർത്താവ് വിജിൽ, പത്താം വാർഡംഗം എ.കെ.ജിബി എന്നിവർ തമ്മിലാണ് വാക്കേറ്റവും കൈയാങ്കളിയും നടന്നത്.
ഇന്നലെ രാവിലെ പത്തരയോടെ കല്ലൂർക്കാട് സിഡിഎസ് ഓഫീസിനു സമീപമായിരുന്നു സംഭവം. ഒന്നാം വാർഡിലെ സിഡിഎസ് വൈസ് ചെയർപേഴ്സൺ അശ്വതിയുടെ പേരിലുള്ള സാന്പത്തിക ക്രമക്കേട് ആരോപണം പഞ്ചായത്തംഗങ്ങളോട് കുടുംബശ്രീ പ്രവർത്തകർ ഉന്നയിച്ചിരുന്നു.
ഇതു സംബന്ധിച്ച ഇരുവിഭാഗങ്ങളുടേയും തർക്കം പരിഹരിക്കുന്നതിനായി കഴിഞ്ഞ സാന്പത്തിക വർഷത്തെ ഓഡിറ്റ് അടിയന്തരമായി നടത്താനായിരുന്നു തീരുമാനം.
ഇതനുസരിച്ച് അനുബന്ധ കണക്കുകളുമായി അശ്വതി ഇന്നലെ രാവിലെ സിഡിഎസ് ഓഫീസിലെത്തുകയായിരുന്നു. തർക്കം പരിഹരിച്ച ശേഷം മാത്രം മതി ഓഡിറ്റെന്ന നിലപാടുമായി പത്താം വാർഡംഗം എ.കെ. ജിബി രംഗത്തെത്തി.
ഇക്കാര്യം അശ്വതി ഓഫീസിനു പുറത്തെത്തി ഭർത്താവ് വിജിലിനെയും പഞ്ചായത്തംഗം സുമിത സാബുവിനെയും അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഇവരും ജിബിയുമായി വാക്കുതർക്കവും കൈയേറ്റവും ഉണ്ടായതായി പറയപ്പെടുന്നു.
വിജിലിന്റെ മൊബൈൽ ഫോണും അശ്വതിക്കൊപ്പമുണ്ടായിരുന്ന ഹൈസ്കൂൾ വിദ്യാർഥിയായ മകന്റെ കൈയിലെ സ്വർണ ചെയിനും പിടിവലിക്കിടയിൽ നഷ്ടപ്പെട്ടതായി ഇവർ പറയുന്നു.
ആക്രമണത്തിൽ ബോധംകെട്ട് നിലത്തു വീണ അശ്വതിയും പരിക്കേറ്റ സുമിതയും മുവാറ്റുപുഴ ജനറലാശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
സാന്പത്തിക ആരോപണം ഉയർന്നതോടെ കൃത്രിമ കണക്കുകളുമായി ഉടൻ തന്നെ നടത്തുന്ന ഓഡിറ്റ് വേണ്ടെന്ന നിലപാടാണ് എൽഡിഎഫ് പാർലമെന്ററി പാർട്ടി ചെയർമാൻ എ.കെ.ജിബി അറിയിച്ചതെന്നും ആരോപണം സംബന്ധിച്ച നിജസ്ഥിതി ബോധ്യപ്പെടണമെന്ന ആവശ്യമാണ് ഉന്നയിച്ചതെന്നും ഇടതുനേതാക്കൾ അറിയിച്ചു.
അശ്വതിയുടെയും വിജിലിന്റെയും സുമിതയുടെയും ആക്രമണത്തിൽ പരിക്കേറ്റതായി ആരോപിച്ച് ജിബി കല്ലൂർക്കാട് ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
കല്ലൂർക്കാട് പോലീസ് മുവാറ്റുപുഴ, കല്ലൂർക്കാട് ആശുപത്രികളിലെത്തി ഇരു വിഭാഗത്തിന്റെയും മൊഴി എടുത്തിട്ടുണ്ട്. അക്രമത്തിൽ പ്രതിഷേധിച്ച് വൈകുന്നേരം ആറരയോടെ കല്ലൂർക്കാട് ടൗണിൽ ബിജെപിയും സിപിഎമ്മും പ്രകടനം നടത്തി.
ഇരുവിഭാഗങ്ങളുടെയും പ്രകടനം കല്ലൂർക്കാട് കോസ്മോ പൊളിറ്റൻ ലൈബ്രറിക്കു സമീപം സംഘർഷ സാധ്യതയിലേക്കു നീങ്ങി. പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി.
പോലീസ് ഇടപെട്ടതോടെ സംഘർഷാവസ്ഥയ്ക്ക് അയവുവന്നു. രാത്രി എട്ടരയോടെയാണ് പ്രവർത്തകർ പിരിഞ്ഞു പോയത്.ഇരുവിഭാഗത്തിന്റെയും ആരോപണം സംബന്ധിച്ച് കല്ലൂർക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്.