ചേർത്തല: രാത്രി വീടിന് മുന്നിൽ നിന്ന ബിരുദ വിദ്യാർഥിനിയെ സാമൂഹ്യവിരുദ്ധൻ ടോർച്ചിന് തലയ്ക്ക് അടിച്ച് വീഴ്ത്തിയതായി പരാതി. മൂലേപ്പള്ളി വടക്ക് ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. മതിൽകെട്ടുള്ള വീട്ടിൽ ഗേറ്റിനു പുറത്ത് നിന്ന് ഫോണ് ചെയ്യവേ അപരിചിതനായ ഒരാൾ പതുങ്ങി നിൽക്കുന്നത് കണ്ട് വീടിനുള്ളിലേക്ക് ഓടിക്കയറാൻ ശ്രമിക്കവേയാണ് പിന്നാലെ എത്തിയ ഇയാൾ ടോർച്ചിന് തലയ്ക്ക് അടിച്ചത്.
വിദ്യാർഥിനിയുടെ അലർച്ച കേട്ട് വീട്ടുകാർ എത്തിയപ്പോഴേക്കും ബോധരഹിതയായി. തലയ്ക്കടിച്ചയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് വിദ്യാർഥിനി ചേർത്തല ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം തുടങ്ങി. മോഷ്ടാവ് അല്ലെന്നും സാമൂഹ്യവിരുദ്ധർ ആകാമെന്നും ചേർത്തല സിഐ വി.പി മോഹൻലാൽ പറഞ്ഞു.