ശ്രീനാരായണപുരം: ആസാം സ്വദേശിയായ മൂന്നു വയസുകാരിയെ ക്രൂരമായി മർദിച്ച രണ്ടാനമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം പഞ്ചായത്തിലെ കോതപറന്പ് കിഴക്ക് ഭാഗത്ത് താമസിക്കുന്ന അഫ്സുൽ അസ്ലാം ഭാര്യ മഫൂദ ഹത്തൂലിനെയാണ് (23)മതിലകം പോലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്.
അഫ്സുൽ അസ്ലാമിന്റെ ആദ്യഭാര്യയിലുള്ള മൂന്നു വയസുകാരിയെയാണ് വടികൊണ്ട് അടിച്ച് പരിക്കേൽപിച്ചത്. കോതപറന്പിലെ അങ്കണവാടിയിൽ പോയിരുന്ന ഈ മൂന്നുവയസുകാരി ശാരീരിക അസ്വസ്ഥത കാണിച്ചതിനെ തുടർന്ന് അങ്കണവാടി ടീച്ചർ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.
ഇതേത്തുടർന്ന് ഇവർ ചൈൽഡ് ലൈൻ അധികൃതർക്ക് പരാതി നൽകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടികൾക്കെതിരെയുള്ള അതിക്രമത്തിന് മതിലകം പോലീസ് കേസെടുക്കുകയും ഇന്നലെ രാത്രി അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇവരെ റിമാൻഡ് ചെയ്ത് വനിത ജയിലിലാക്കി. മർദനത്തിൽ പരിക്കേറ്റ കുട്ടിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം പിന്നീട് ചൈൽഡ് ലൈൻ അധികൃതർക്ക് കൈമാറി.
ചൈൽഡ് ലൈൻ അധികൃതർ സംഭവത്തെക്കുറിച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് വിശദമായ റിപ്പോർട്ട് നൽകും. കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ ഇരുപതിലധികം പാടുകളുണ്ട്.