കോട്ടയം: മുന്നിൽ പോയ കാറിൽ മറ്റൊരു കാറിടിച്ചു. നഷ്ടപരിഹാരത്തെ ചൊല്ലിയുള്ള തർക്കം ഒടുവിൽ സംഘർഷത്തിലേക്ക് നീങ്ങി. ഇന്നലെ രാത്രി ചുങ്കം കവലയിലാണ് സംഭവം. വാക്കു തർക്കം മൂത്തതോടെ റോഡ് ഗതാഗതം വരെ തടസപ്പെട്ടു. കോട്ടയം ഭാഗത്തേക്കു പോവുകയായിരുന്ന കാറിനു പിന്നിൽ മറ്റൊരു കാറിടിച്ചു.
തുടർന്നു രണ്ടു കാറിലുമുണ്ടായിരുന്നവർ പുറത്തിറങ്ങിയതോടെ നഷ്്ടപരിഹാരത്തെ ചൊല്ലി തർക്കമായി. കാറിന്റെ തകരാർ പരിഹരിക്കാൻ 1000രൂപ വേണമെന്ന് മുന്നിൽ പോയ കാറുടമ പറഞ്ഞു. 500രൂപ തരാമെന്നായി ഇടിച്ച കാറുകാരൻ. ഇതേചൊല്ലി ഇരുവരും തർക്കം തടർന്നപ്പോൾ നാട്ടുകാർ ഇടപെട്ട് 1000രൂപ കൊടുപ്പിച്ചു. ഇതോടെ പ്രശ്നം തീർന്ന് തകരാർ പറ്റിയ കാറുകാരൻ പോകാൻ തുടങ്ങി.
അപ്പോഴാണ് ഇടിച്ച കാറിന്റെ ഡ്രൈവർ പുറത്തിറങ്ങി നാട്ടുകാർക്കു നേരേ അസഭ്യവർഷം നടത്തിയത്. ഇതോടെ നാട്ടുകാർ സംഘടിച്ചെത്തി. അപകട വിവരമറിഞ്ഞ് ഇരുകൂട്ടരെയും രമ്യമാക്കി വിട്ടപ്പോൾ ഒരാൾ നാട്ടുകാർക്കു നേരേ തിരിഞ്ഞതോടെ നാട്ടുകാർ ഒന്നായി. അങ്ങനെയെങ്കിൽ പോലീസ് വന്നിട്ട് പോയാൽ മതിയെന്നായി.
നാട്ടുകാർക്കു നേരേ അസഭ്യവർഷം നടത്തിയ ഡ്രൈവർ നല്ല ലഹരിയിലായിരുന്നു. സംഘർഷം ഏതാണ്ട് 20 മിനിട്ടോളം തുടർന്നു. ആളുകൾ വർധിച്ചതോടെ റോഡ് ഗതാഗതം വരെ തടസപ്പെട്ടു. ചിലർ ട്രാഫിക് നിയന്ത്രണം ഏറ്റെടുത്ത് വാഹനങ്ങൾ പറഞ്ഞുവിട്ടു. ഇതിനിടെ ഗാന്ധിനഗർ പോലീസും കണ്ട്രോൾ റൂം പോലീസും എത്തി.
മദ്യലഹരിയിൽ നാട്ടുകാരെ അസഭ്യം പറഞ്ഞയാളെ കാറിൽ കയറ്റി എസ്ഐ കാറോടിച്ച് സ്റ്റേഷനിലേക്ക് പോയി.മദ്യപിച്ച് വാഹനം ഓടിച്ചതിന് ഇയാൾക്കെതിരേ കേസെടുത്ത ശേഷം വിട്ടയച്ചതായി എസ്എച്ച്ഒ അറിയിച്ചു. കാർ വിട്ടുകൊടുത്തിട്ടില്ല.