പത്തനംതിട്ട: ഹൈക്കോടതി നിര്‍ദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നഗരസഭസെക്രട്ടറി നിർദേശിച്ചതനുസരിച്ച് പൊതുസ്ഥലത്തെ കൊടി നീക്കിയ ശുചീകരണ വിഭാഗം ജീവനക്കാരെ മർദിച്ച സിഐടിയു നേതാവിനെ അറസ്റ്റ് ചെയ്തു. നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാർ പണിമുടക്കി നഗരസഭാ ഓഫീസിനു മുന്പിൽ പ്രകടനം നടത്തിയതിനു പിന്നാലെയാണ് പത്തനംതിട്ട പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റിലായ സിഐടിയു നേതാവ് സക്കീർ അലങ്കാരത്തിനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.ബുധനാഴ്ച പത്തനംതിട്ടയിൽ സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനത്തോടനുബന്ധിച്ച പൊതുസമ്മേളനം നടന്ന ടൗൺ സ്ക്വയർ ഭാഗത്തു കെട്ടിയ കൊടിതോരണങ്ങളാണ് ജീവനക്കാർ നീക്കിയത്.
പൊതുസ്ഥലത്തെ കൊടിയെ സംബന്ധിച്ച് ആക്ഷേപം ഉയർന്നതോടെ ഇതു നീക്കാൻ നഗരസഭാ സെക്രട്ടറി നിർദേശിക്കുകയായിരുന്നു. കൊടി നീക്കുന്നതിനിടെ ശുചീകരണ വിഭാഗം ജീവനക്കാരനായ കേശവനെ മർദി ക്കുകയും അഴിച്ച കൊടികൾ തിരികെ കെട്ടിക്കുകയും ചെയ്തു.
ഇതുസംബന്ധിച്ച് ബുധനാഴ്ച തന്നെ ജീവനക്കാർ സെക്രട്ടറിക്കു പരാതി നൽകിയിരുന്നു. ഇത് പോലീസിനും കൈമാറി. മർദനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർമാരടക്കം ഇന്നലെ രംഗത്തു വന്നു.
ഇതിനിടെ ഭരണകക്ഷി നേതാക്കൾ ഒത്തുതീർപ്പിനു ശ്രമിച്ചെങ്കിലും തൊഴിലാളികൾ വഴങ്ങിയില്ല . 28 ശുചീകരണ തൊഴിലാളികളാണ് നഗരസഭയിലുള്ളത്.
ജീവനക്കാർ നോട്ടീസ് നൽകി പണിമുടക്കി
ഇന്നലെ രാവിലെ നഗരത്തിലെ ശുചീകരണജോലികളിൽനിന്നു വിട്ടുനിന്ന ജീവനക്കാർ പിന്നാലെ പണിമുടക്ക് നോട്ടീസും നൽകി. കേശവനെ മർദിച്ച സക്കീർ അലങ്കാരത്തിനെതിരേ, കൃത്യനിർവഹണം തടസപ്പെടുത്തിയതിനു കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു പണിമുടക്ക്.
നഗരത്തിൽ പ്രകടനത്തിനു ശേഷം പ്രതിഷേധയോഗവും നടന്നു. മത്സ്യത്തൊഴിലാളി ബോര്‍ഡ് അംഗവും സിപിഎം കുമ്പഴ ലോക്കൽ കമ്മിറ്റി അംഗവും മുന്‍ നഗരസഭാ കൗണ്‍സിലറുമാണ് സക്കീര്‍ അലങ്കാരത്ത്. മർദനമേറ്റ കേശവനും സിഐടിയു അനുഭാവിയാണെന്നു പറയുന്നു. രോഗികൂടിയായ കേശവനെ മർദിച്ചതിൽ ജീവനക്കാർക്കിടയിൽ വ്യാപക പ്രതിഷേധമുണ്ട്.
ന്യൂറോ സംബന്ധമായി തലയുടെ സർജറി കഴിഞ്ഞ ഭാഗത്താണ് മർദിച്ചത്. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്താലാണ് ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം കണ്ടെത്തിയത് . മർദനമേറ്റ ഭാഗത്ത് വലിയ വേദന അനുഭവപ്പെടുന്നതായി കേശവൻ പറയുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
താത്കാലിക ജീവനക്കാരനാണ് കേശവൻ. കേശവനൊപ്പം സിഐടിയു പ്രവർത്തകൻ കൂടിയായ കുഞ്ഞുമോൻ എന്ന തൊഴിലാളിയുമുണ്ടായിരുന്നു.നഗരസഭാ സെക്രട്ടറി പറഞ്ഞ പ്രകാരമാണ് കൊടി അഴിച്ചതെന്നും അല്ലെങ്കില്‍ കോടതി അലക്ഷ്യത്തിന് സെക്രട്ടറി മറുപടി പറയേണ്ടിവരുമെന്നും കേശവന് പറഞ്ഞുവെങ്കിലും സക്കീർ കൂട്ടാക്കിയില്ലെന്ന് തൊഴിലാളികൾ പറയുന്നു.