തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐക്കാരായ സദാചാരഗുണ്ടകൾ വിദ്യാർഥിനിയെയും സുഹൃത്തിനെയും അക്രമിച്ചുവെന്ന പരാതിയിൽ 13 പേർക്കെതിരേ കന്റോ ണ്മെന്റ് പോലീസ് കേസെടുത്തു. വ്യാഴാഴ്ചയായിരുന്നു സംഭവം. എസ്എഫ്ഐയുടെ മുൻ കോളജ് യൂണിറ്റ് സെക്രട്ടറി തസ്ലീം, പ്രവർത്തകരായ സുജിത്, രതീഷ് എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് 10 പേർക്കെതിരെയുമാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരിക്കുന്നത്.
അന്യായമായി സംഘം ചേരൽ, ഭീഷണിപ്പെടുത്തൽ, തടഞ്ഞുവെയ്ക്കൽ, മർദനം എന്നീ കുറ്റങ്ങൾക്കാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കോളജിൽ നടക്കുന്ന നാടകം കാണാനെത്തിയ സിനിമാ സംവിധാന സഹായിയായ ജിജേഷിനാണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മർദനമേറ്റത്. ജിജീഷ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി
യൂണിവേഴ്സിറ്റി കോളജിൽ നടക്കുന്ന നാടകം കാണുന്നതിന് സുഹൃത്തുക്കളും കോളജിലെ വിദ്യാർഥികളുമായ സൂര്യഗായത്രി, ജാനകി എന്നിവർ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജിജീഷ് എത്തിയത്. നാടകം കാണാൻ പെണ്‍കുട്ടികൾക്കൊപ്പം ഇരിക്കുന്നതിനെ എസ്എഫ്ഐ പ്രവർത്തകർ ചോദ്യം ചെയ്തതോടെയാണ് പ്രശ്നം തുടങ്ങിയതെന്ന് വിദ്യാർഥിനികൾ പറയുന്നു. ജിജീഷിനെ ചോദ്യം ചെയ്യുന്നതിന്റെ കാരണം ചോദിച്ച തങ്ങളോട് എസ്എഫ്ഐ പ്രവർത്തകർ തട്ടിക്കയറുകയും അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തു.
ഇതിനുശേഷമാണ് എസ്എഫ്ഐക്കാർ സംഘം ചേർന്ന് ജിജീഷിനെ മർദിച്ചത്. നിരവധി വിദ്യാർഥികളും അധ്യാപകരും നോക്കി നിൽക്കുന്പോഴായിരുന്നു ഇത്. തുടർന്ന് ഇവർ ജിജീഷിനെ കോളജിന് പുറത്തേക്ക് കടക്കാതെ ഭീഷണിപ്പെടുത്തി പൂട്ടിയിട്ടതായും വിദ്യാർഥിനികൾ പറയുന്നു. തുടർന്ന് ക്രൂരമായ മർദനമേറ്റ ജിജീഷിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജിജീഷിന്റെയും വിദ്യാർഥിനികളുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരിക്കുന്നത്.
തസ്ലീം , രതീഷ്, സജിത്ത് എന്നിവരും കണ്ടാലറിയാവുന്ന മറ്റ് പത്തു പേരും ചേർന്നാണു മർദിച്ചതെന്ന് ജിജീഷ് പോലീസിന് മൊഴിനൽകിയിട്ടുണ്ട്. തങ്ങളെയും എസ്എഫ്ഐക്കാർ കൈയേറ്റം ചെയ്തുവെന്നും പെണ്‍കുട്ടികളുടെ പരാതിയിൽ പറയുന്നു. അതേസമയം സദാചാര ഗുണ്ടായിസം നടന്നെന്ന വാദങ്ങൾ എസ്എഫ്ഐ തള്ളി. സംഭവം സദാചാര ഗുണ്ടായിസമാണെന്ന് തെളിഞ്ഞാൽ പ്രവർത്തകർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി. തോമസ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം. വിജിൻ പറഞ്ഞു. സദാചാര ഗുണ്ടായിസത്തിന് എസ്എഫ്ഐ എതിരാണെന്നും വിജിൻ കൂട്ടിച്ചേർത്തു.