മണ്ണാർക്കാട് : കൗണ്‍സിലറെ അജ്ഞാത സംഘം വീട്ടിൽനിന്ന് ഇറക്കിക്കൊണ്ടുപോയി മർദിച്ചതായി പരാതി.മണ്ണാർക്കാട് നഗരസഭാ കൗണ്‍സിലർ ഷമീർ വേളക്കാടനെയാണ് ഞായറാഴ്ച രാത്രി 12 മണിയോടെ ബൈക്കിലെത്തിയ അജ്ഞാത സംഘം വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി മർദിച്ചത്.
ഷമീർ വേളക്കാടൻ നല്കിയ പരാതിയെതുടർന്ന് കണ്ടാലറിയാവുന്ന മൂന്നുപേർക്കെതിരെ കേസെടുത്തതായി മണ്ണാർക്കാട് പോലീസ് അറിയിച്ചു.
രാത്രി 12 മണിയോടെ ബൈക്കിലെത്തിയ രണ്ടുപേർ കൗണ്‍സിലർ ഷഫീഖ് റഹ്മാന് സുഖമില്ലെന്നും വേഗം എത്തണമെന്നും അറിയിച്ചു. തുടർന്ന് ആ ബൈക്കിൽതന്നെ ഷമീർ ഷഫീഖ് റഹ്മാന്റെ വീട്ടിലേക്ക് പുറപ്പെട്ടു.
കൊടുവാളിക്കുണ്ടിൽനിന്നും ബസ് സ്റ്റാൻഡ് എത്തുന്നതിനു മുൻപ് മറ്റു രണ്ടുപേർ ബൈക്കിൽ വരികയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നുവെന്നാണ് പോലീസിനു നൽകിയ പരാതിയിൽ പറയുന്നത്.
ഇവരെ മുൻപരിചയമില്ലെന്നും ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ആരെന്നു മനസിലായില്ലെന്നും ഷമീർ പറയുന്നു. ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്നു മണ്ണാർക്കാട് സിഐ പി.അജിത്കുമാർ പറഞ്ഞു. മർദനത്തിൽ പരിക്കേറ്റ ഷമീർ വേളക്കാടൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.