ഗുരുവായൂർ: കാവീട് ആളാംകുളം ക്ഷേത്രത്തിൽ പൂരത്തിനു മുന്നോടിയായി ഉണ്ടായ സംഘർഷത്തിൽ വാർഡ് കൗൺസിലർ ഉൾപ്പടെ നാലുപേർക്ക് പരിക്ക്. കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെരാത്രി എട്ടോടെയാണ് സംഘർഷമുണ്ടായത്.
സംഭവത്തിൽ പരിക്കേറ്റ് ഗുരുവായൂർ നഗരസഭ 41-ാ ംവാർഡ് കൗൺസിലർ ടി.കെ. സ്വരാജ് ( 48) ചെറിയേടത്ത് ബിനീഷ് (38), ചെറിയേടത്ത് നാരായണി (90) ബിനീഷിന്റെ സഹോദരി സുനീഷ (40) എന്നിവർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ബിനീഷിന്റെ ഭാര്യ പ്രവീണ, നയന ( ഒന്പത് ) എന്നിവർ ക്ക് ചെറിയ പരിക്കുകളുണ്ടെങ്കിലും പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
ആളാംകുളത്തിനു മുന്നോടിയായി പ്രദേശത്തുനടന്ന ചില തർക്കങ്ങളാണ് സംഘർഷത്തിനു കാരണം. പൂരംഎഴുന്നള്ളിപ്പ് ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്ന ബി.കെ.ഡി ഗ്രൂപ്പും, ബിനീഷും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായാണ് സംഘർഷമുണ്ടായത്. പൂരത്തിന് ക്ഷണിക്കപ്പെട്ട് പുറമെ നിന്നെത്തിയവർ ബിനീഷിനെ വീടുകയറി ആക്രമിക്കുകയായിരുന്നെന്നും ഇതുകണ്ട് തടയാൻ ശ്രമിച്ച വാർഡ് കൗൺസിലർ സ്വരാജിനെയും അക്രമികൾ മർദിക്കുകയായിരുന്നു.
വീടുകയറി ആക്രമണത്തിലാണ് ബിനീഷിന്റെ ഭാര്യയ്ക്കും, മകൾക്കും, സഹോദരിക്കും, വീട്ടിലെ മറ്റ് അംഗങ്ങൾക്കും പരിക്കേറ്റത്. ഗുരുവായൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ഗുരുവായൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു. മറ്റുള്ളവർക്കായി അന്വേഷണം തുടരുന്നു.