കൊടുങ്ങല്ലൂർ:എടവിലങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്ത മുൻ പഞ്ചായത്ത് പ്രസിഡന്റിനുനേരെ കൈയേറ്റ ശ്രമം. സിപിഐ മുൻ നേതാവ് ടി.എം.ഷാഫി ക്കു നേരെയാണ് ഇന്നലെ ഉച്ചയോടെ കൈയേറ്റ ശ്രമം ഉണ്ടായത്.ശ്രീ നാരായണപുരം പഞ്ചായത്തിലെ പതിയാശ്ശേരിക്കു സമീപം ഒരു ബന്ധുവിന്റെ മരണവീട്ടിൽ പോയി വരുന്പോഴാണ് ഒരു സംഘം ആളുകൾ കൈയേറ്റത്തിന് ശ്രമിച്ചത്.
ടി.എം.ഷാഫി ഓടി സമീപത്തുള്ള പ്രാർഥനാ ആലയത്തിൽ കേറിയത് കൊണ്ട് മാത്രമാണ് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഇല്ലാതെ രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം എടവിലങ്ങ് പഞ്ചായത്തിൽ നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥിക്ക് വോട്ടു രേഖപ്പെടുത്താതെ ബിജെപിക്ക് അനുകൂലമായി വോട്ടു ചെയ്യുകയും മറ്റൊരു അംഗത്തിന്റെ വോട്ട് അസാധുവാക്കുകയും ചെയ്തതിനെ തുടർന്ന് ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇതിനു പിന്നാലെ ടി.എം.ഷാഫിയെ പാർട്ടിയിൽ നിന്നും പുറത്താക്കുകയും ടെലിഫോണിൽ കൂടി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.ഇതിന്റെ ഫലമായി ഷാഫിയുടെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തുകയും ചെയ്തിരിക്കെയാണ് കൈയേറ്റ ശ്രമം ഇത് സംബന്ധിച്ച് പോലീസിൽ പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.