വൈപ്പിൻ: സിപിഎം നേതാവും എഐടിയുസി പ്രവർത്തകനും തമ്മിലടിച്ചു. പരിക്കേറ്റ രണ്ട് പേരും ആശുപത്രിയിൽ ചികിത്സയിലാണ്. സിപിഎം മാലിപ്പുറം വളപ്പ് ബ്രാഞ്ച് സെക്രട്ടറിയും കർത്തേടം സഹകരണ ബാങ്ക് ജീവനക്കാരനുമായ വി.കെ. ലാലനും മാലിപ്പുറം വളപ്പ് സ്റ്റാൻഡിലെ എഐടിയുസി യൂണിയനിൽപെട്ട ഓട്ടോ ഡ്രൈവർ വെളീത്തറ ദിനേശനും തമ്മിലാണ് അടിപിടിയുണ്ടായത്.
സിപിഎം ബ്രാഞ്ച്സെക്രട്ടറിയെ ഇരുന്പുവടിക്കടിച്ച് പരിക്കേൽപിച്ചതായാണ് പരാതി. ദിനേശനും പരിക്കുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് സ്കൂട്ടറിൽ ജോലിക്കായി ബാങ്കിലേക്ക് പോകുംവഴി മാലിപ്പുറം അലിയാർ സ്മാരക വായനശാലയ്ക്കടുത്ത് വെച്ചാണ് അടിപിടിയുണ്ടായത്. ഞാറക്കൽ പോലീസ് സ്ഥലത്തെത്തി ദിനേശന്റെ ഓട്ടോയും ഇരുന്പുവടിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദിനേശനെ പ്രതിയാക്കി ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമുദായത്തിന്റെ തെരഞ്ഞെടുപ്പ് മായി ബന്ധപ്പെട്ട തർക്കമാണ് അടിപടിക്ക് കാരണമെന്ന് പോലീസ് അറിയിച്ചു. ആശുപത്രിയിൽ കഴിയുന്ന ദിനേശന്റെ ഇന്റിമേഷൻ വരുന്ന മുറക്ക് കൗണ്ടർ കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു.