പള്ളിക്കുന്ന്: സിപിഎം പ്രവർത്തകരുടെ അക്രമത്തിൽ ബിജെപി നേതാവിന് പരിക്കേറ്റു. യുവമോർച്ച അഴീക്കോട് മണ്ഡലം മുൻ പ്രസിഡന്റും ബിജെപി പള്ളിക്കുന്ന് ഏരിയ ജനറൽ സെക്രട്ടറിയുമായ പി.കെ.പ്രവീണി (29) നാണ് പരിക്കേറ്റത്. ഇയാളെ ജില്ലാ ആശുപത്രിയിലും പിന്നീട് കണ്ണൂർ കൊയിലി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി പത്തിനായിരുന്നു സംഭവം. 30 അംഗ സിപിഎം സംഘമാണ് അക്രമം നടത്തിയതെന്ന് പ്രവീൺ പറഞ്ഞു. ആശുപത്രിയിൽ കഴിയുന്ന പ്രവീണിനെ ബിജെപി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. വിനോദ് കുമാർ, ഹിന്ദു ഐക്യവേദി പള്ളിക്കുന്ന് ഡിവിഷൻ കൺവീനർ പി. മഹേഷ്, അജീഷ്, ഷൈജു എന്നിവർ സന്ദർശിച്ചു.
സമാധാനം നിലനിൽക്കുന്ന പള്ളിക്കുന്ന്, പന്നേൻപാറ പ്രദേശത്ത് കരുതിക്കൂട്ടി സംഘർഷം സൃഷ്ടിക്കാനും അതുവഴി പാർട്ടിയിലെ അന്തഃഛിദ്രങ്ങൾക്ക് പുകമറ സൃഷ്ടിക്കാനുമുള്ള സിപിഎം നേതൃത്വത്തിന്റെ ആസൂത്രിതശ്രമമാണ് അക്രമമെന്ന് കെ.കെ. വിനോദ്കുമാർ പ്രസ്താവനയിൽ പറഞ്ഞു.