ചങ്ങനാശേരി: വാകത്താനം പരിയാരത്ത് ചപ്പാത്തി നിർമാണ യൂണിറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ സിപിഎം നേതാവിന്റെ തലയ്ക്കു ഹോളോബ്രിക്സ് കൊണ്ടു അടിയേൽക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
സിപിഎം നേതാവ് പരിയാരം ഇന്ദിരാ നഗർ കുട്ടുമ്മേൽ ലിജു പൂന്നൂസി(37)ന്റെ തലയ്ക്കാണ് അടിയേറ്റത്. അയൽവാസി കൊടൂർ വീട്ടിൽ കൊച്ചുമോനാ(35)ണ് ലിജുവിന്റെ തലയ്ക്ക് ഹോളോബ്രിക്സ് കൊണ്ട് അടിച്ചത്.
ഇയാൾക്കെതിരേ വധശ്രമത്തിനു വാകത്താനം പോലീസ് കേസെടുത്തു. തലയ്ക്കു പരിക്കേറ്റ ലിജു കോട്ടയം മെഡിക്കൽ കോളജിലും വീണു പരിക്കേറ്റ കൊച്ചുമോൻ പുതുപ്പള്ളി സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനാണ് സംഭവം. ഇരുവരുടെയും വീടിനു സമീപത്തുള്ള കയ്യാലത്ത് പേരൂക്കുന്നേൽ ബൈജുവിന്റെ വീടിനോട് ചേർന്ന് ചപ്പാത്തി യൂണിറ്റിനുള്ള ഷെഡ് നിർമിച്ചു വരിയായിരുന്നു. കൊച്ചുമോനും സുഹൃത്ത് സുരേഷും ചേർന്നു ഷെഡ് പൊളിച്ചു.
ഇതു ബഹളത്തിൽ കലാശിച്ചു. ബഹളം കേട്ടാണ് ലിജു സ്ഥലത്തെത്തിയത്. തുടർന്നു പോലീസിൽ പരാതി നല്കാൻ ലിജു ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ നിനക്ക് എന്താടാ ഇതിൽ കാര്യമെന്ന് ചോദിച്ചു കൊച്ചുമോൻ ബഹളമുണ്ടാക്കുകയും സമീപത്ത് കിടന്നിരുന്ന ഹോളോബ്രിക്സ് കൊണ്ടു ലിജുവിന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു.
തലയ്ക്ക് ഇഷ്ടിക ഉപയോഗിച്ചുള്ള അടിയേറ്റ് റോഡിൽ വീണ ലിജുവിനെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അതേസമയം തലയ്ക്ക് അടിയേൽക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് സംബന്ധിച്ചു അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. വാകത്താനം എസ്എച്ച്ഒ കെ.പി. ടോംസണ് നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.