പറവൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്ന കേസിൽ പ്രതിയായ ഏഴിക്കര പഞ്ചായത്ത് മെന്പർ ഈട്ടുമ്മൽ ഇ.ആർ. സുനിൽരാജ് (40) ഒളിവിലെന്ന് പോലീസ്. അതേസമയം പ്രതി മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും വടക്കേക്കര പോലീസ് പറഞ്ഞു. പ്രതിക്കെതിരേ പെണ്‍കുട്ടി പരാതി നൽകിയിട്ട് ഒരുമാസത്തോളമായി. എന്നിട്ടും പ്രതിയെ പിടികൂടാൻ വടക്കേക്കര പോലീസിന് കഴിയാത്തത് രാഷ്ട്രീയ സഹായമുള്ളതിനാലാണെന്നുള്ള പരാതിയും വ്യാപകമാണ്.
ഏഴിക്കര പഞ്ചായത്തിലെ പത്താംവാർഡ് മെന്പറും ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനുമാണ് പ്രതി. ഏറെ നാളുകളായി പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്താണിയാൾ. കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയും അമ്മയും വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ എത്തിയ സുനിൽരാജ് പെണ്‍കുട്ടിയുടെ കൈയിൽ പിടിക്കുകയും തല്ലുകയും ചെയ്തതായിട്ടാണ് പരാതി.
കുട്ടിയുടെ അച്ഛൻ ഇവരുമായി അകന്നുതാമസിക്കുകയാണ്.അമ്മയുടെ വീട്ടിൽപോയി പെണ്‍കുട്ടി വിവരങ്ങൾ അറിയിച്ചതിനെ തുടർന്ന് അമ്മൂമ്മയുമായി പോലീസ് സ്റ്റേഷനിൽ എത്തിയാണ് പരാതി നൽകിയത്.പെണ്‍കുട്ടിയുടെ രഹസ്യമൊഴി കഴിഞ്ഞദിവസം മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
അപമാനിക്കാൻവേണ്ടി ഉപദ്രവിക്കുക, ബോധപൂർവം മുറിവേല്പിക്കുക തുടങ്ങിയ വകുപ്പുകൾ സുനിൽ രാജിന്റെ പേരിൽ ചുമത്തിയിട്ടുണ്ടെന്ന് വടക്കേക്കര പോലീസ് പറഞ്ഞു. കേസിനെ തുടർന്ന് സിപിഎം ഏഴിക്കര-നെട്ടായിക്കോടം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്നും പാർട്ടി ഇയാളെ നീക്കം ചെയ്തിട്ടുണ്ട്.