
തിരുവനന്തപുരം: മാരായമുട്ടത്ത് യൂത്ത് കോണ്ഗ്രസുകാരന് ഡിസിസി ജനറല്‍ സെക്രട്ടറിയുടെ ക്രൂരമര്‍ദനം. ബാറ്റ് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയും കാലു കൊണ്ട് തുടര്‍ച്ചയായി ചവിട്ടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
മര്‍ദനമേറ്റ മാരായമുട്ടം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജയന് ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഡിസിസി ജനറല്‍ സെക്രട്ടറി സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇയാൾ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
ഫെബ്രുവരി മൂന്നിനാണ് സംഭവം നടന്നത്. മാരായമുട്ടം സര്‍വീസ് സഹകരണ ബാങ്കിന് മുന്പില് വച്ച് പട്ടാപ്പകലാണ് ജയനെ സുരേഷും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. ബൈക്കില്‍ എത്തിയ സംഘം ജയനെ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്.
ബൈക്കില്‍ നിന്ന് ഇറങ്ങിയ സുരേഷ് ജയനെ ഇടിക്കുകയും തൊട്ടുപിന്നാലെ ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് കയ്യില്‍ ഉണ്ടായിരുന്ന ബാറ്റ് കൊണ്ട് അടിച്ചുവീഴ്ത്തുകയുമായിരുന്നു. തുടര്‍ന്ന് നിലത്തുവീണ് കിടന്ന ജയനെ സുരേഷ് തുടര്‍ച്ചയായി ചവിട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം.
സുരേഷിന്റെ സഹോദരന് ബാങ്ക് പ്രസിഡന്റായിരുന്ന മുന്‍ ഭരണസമിതിക്ക് നേരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ കുറിച്ച് ജയന് വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണം.