തളിപ്പറമ്പ്: മർദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു; മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒടുവള്ളി ചാണോക്കുണ്ടിലെ പുലിക്കിരി ആദിച്ചൻ (74) ആണ് കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ ഇന്ന് പുലർച്ചെ മരിച്ചത്. മകൻ രാജേഷിനെ (30) തളിപ്പറമ്പ് പ്രിൻസിപ്പൽ എസ് ഐ കെ.പി.ഷൈൻ കസ്റ്റഡിയിലെടുത്തു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടനുസരിച്ചായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുന്നതെന്ന് പോലീസ് പറഞ്ഞു. ജൂൺ 22ന് വൈകുന്നേരം മറ്റൊരു മകനായ വിജയൻ വീട്ടിലെത്തിയപ്പോഴാണ് കട്ടിലിൽ ചോരയൊലിപ്പിച്ച നിലയിൽ കിടക്കുന്ന ആദിച്ചനെ കണ്ടത്.
23നാണ് ഇദ്ദേഹത്തെ ഒടുവള്ളി സി എച്ച് സി യിലും അവിടെ നിന്ന് മെഡിക്കൽ കോളജിലും എത്തിച്ചത്. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. പരേതയായ നാരായണിയാണ് ആദിച്ചന്റെ ഭാര്യ. മക്കൾ: സത്യൻ, വിജയൻ, വിജേഷ്, പരേതരായ രാജൻ, ശശി. മരുമക്കൾ: ശാരദ, ശോഭ. സത്യൻ, വിജയൻ, രാജേഷ് എന്നിവർ അച്ഛൻ ആദിച്ചനോടൊപ്പമാണ് താമസമെന്ന് പോലീസ് പറഞ്ഞു. രാജേഷ് അവിവാഹിതനാണ്.