ചവറ : വിദ്യാർഥി മര്‍ദനമേറ്റ് മരിച്ച കേസിൽ ജയില്‍ വാര്ഡൻ അറസ്റ്റിലായെങ്കിലും ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മുഴുവൻ പ്രതികളെയും പിടികൂടണമെന്നാവശ്യം ശക്തമായി. ഇതുമായി ബന്ധപ്പെട്ട് മരിച്ച ഐ.ടി.ഐ വിദ്യാർഥി തേവലക്കര അരിനല്ലൂര്‍ ചിറക്കാലക്കോട്ട് കിഴക്കതില്‍ രഞ്ജിത്തി ( 18 ) ന്റെ ബന്ധുക്കളും കോൺഗ്രസും രംഗത്തുവന്നിട്ടുണ്ട്.
സംഭവത്തിൽ സിപിഎമ്മിന്റെ പ്രാദേശിക നേതാവുൾപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഭരണ സ്വാധീനമുപയോഗിച്ച് രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായും കോൺഗ്രസ് ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചവറ തെക്കുംഭാഗം പോലീസ് അറസ്റ്റ് ചെയ്ത കൊല്ലം ജില്ലാ ജയില്‍ വാര്ഡന് തേവലക്കര അരിനല്ലൂർ മല്ലകത്ത് കിഴക്കതിൽ വിനീതി ( 30 )നെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കൊലപാതകത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത് . സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയെന്നാണ് പോലീസ് പറയുന്നത്. എന്നാൽ വിനീതിനൊടൊപ്പം എത്ര പേർ ഉണ്ടായിരുന്നുവെന്ന ചോദ്യത്തിന് പോലീസ് വ്യക്തമായ ഉത്തരം നൽകിയിട്ടില്ല. രഞ്ജിത്തിന്റെ മരണത്തിന് ഉത്തരവാദികളായ ആരെയെങ്കിലും രക്ഷപ്പെടുത്താൻ ശ്രമിച്ചാൽ ശക്തമായ പ്രതിഷേധ സമരം നടത്തുമെന്ന് കോൺഗ്രസ് നേതൃത്വം മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.
കഴിഞ്ഞ 14-ന് രാത്രിയിലായിരുന്നു സംഭവങ്ങളുടെ തുടക്കമെന്ന് ചവറ തെക്കുംഭാഗം പോലീസ് പറഞ്ഞു. ഒരു പെണ്‍കുട്ടിയെ കളിയാക്കിയെന്നാരോപിച്ച് രഞ്ജിത്തിന്റെ വീട്ടിലെത്തിയ വിനീതും സംഘവും രഞ്ജിത്തിനെ മർദിച്ചു. പെൺകുട്ടിയെ തനിക്കറിയില്ലെന്ന് രഞ്ജിത് പറഞ്ഞെങ്കിലും സംഘം കേട്ടില്ല. അടി കൊണ്ട രഞ്ജിത്ത് അബോധാവസ്ഥയിലായി.
തുടർന്ന് ആശുപത്രിയിലെത്തിച്ചു ചികിത്സ നടത്തി വീട്ടില്‍ തിരിച്ചെത്തി.എന്നാല്‍ തൊട്ടടുത്ത ദിവസം അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരുവനനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരണമടഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹവുമായി ബന്ധുക്കളും നാട്ടുക്കാരും പോലീസ് സ്റ്റേഷന് മുന്നിൽ ഇന്നലെ എത്തി പ്രതിഷേധിച്ചിരുന്നു.
മർദ്ദനമേറ്റതു മൂലം ആന്തരികമായി ഉണ്ടായ രക്തസ്രാവമായിരിക്കാം മരണകാരണമെന്ന നിഗമനത്തിലാണ് പോലീസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായതിനു ശേഷമെ മരണകാരണം വ്യക്തമായി പറയാൻ കഴിയുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. ചവറ തെക്കുംഭാഗം പോലീസ് സബ് ഇൻസ്പെക്ടർ ആർ.ജയകുമാറിന്റെ നേതൃത്വത്തിലാണ് വിനീതിനെ അറസ്റ്റ് ചെയ്തത്.