കുന്നംകുളം: ചിറ്റഞ്ഞൂരിൽ സുഹൃത്തുക്കളുടെ മർദനമേറ്റ യുവാവ് മരിച്ച സംഭവത്തിൽ മൂന്നു പേരെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. ചെറുവത്താണി വലിയപറന്പ് അമ്മാട്ട് വീട്ടിൽ രവീന്ദ്രന്റെ മകൻ കുഞ്ഞൻ എന്ന വിഷ്ണു (26) ആണ് ഇന്നലെ രാത്രി മർദനമേറ്റ് മരിച്ചത്. സംഭവത്തോടനുബന്ധിച്ച് ചെറുവത്താനി സ്വദേശികളായ വിഷ്ണു, അക്കു, ഷിജിത്ത് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
അഞ്ഞൂരിൽ പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയെ കെട്ടുന്ന പറമ്പിൽ വച്ചാണ് സംഭവങ്ങൾ നടന്നത്. ഇന്നലെ രാത്രി പത്തോടെയാണ് സംഭവത്തിന്റെ തുടക്കം. സുഹൃത്തുകൾ തമ്മിലുള്ള മദ്യപാനത്തിനൊടുവിൽ വിഷ്ണു ആനത്തറയിൽ വരുന്നത് ചോദ്യം ചെയ്ത പ്രതികൾ ഇയാളുമായി തർക്കം ഉണ്ടാകുകയും ഇത് സംഘട്ടനത്തിൽ കലാശിക്കുകയുമായിരുന്നു.
മൂവർ സംഘത്തിന്റെ കടുത്ത മർദനമേറ്റ വിഷ്ണു റോഡിൽ തളർന്നു വീണു. ഉടനെ മറ്റുള്ളവർ ചേർന്ന് ഇയാളെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആശുപത്രിയിലെത്തിച്ചവർ വണ്ടിയിൽനിന്ന് വീണാണു വിഷ്ണുവിന് അപകടം പറ്റിയതെനാണ് അറിയിച്ചത്. മരണം സ്ഥിരീകരിച്ച ഡോക്ടർ ഇവരുടെ മൊഴിയിൽ സംശയം തോന്നി പോലീസിനെ വിവരം അറിയിച്ചു.
തുടർന്ന് പോലീസ് പ്രദേശത്തെ സിസിടിവി കാമറ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിഷ്ണുവിനെ മർദിച്ചകാര്യം മനസിലാക്കിയത്. പിന്നീട് പോലീസ് മൂന്നുപേരെയും ഉടനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമായി പറയാനാവൂ എന്നാണ് പോലീസ് പറയുന്നത്. നാട്ടിൽ ഫാബ്രിക്കേഷൻ പണികളും മറ്റും ചെയ്യുന്ന വിഷ്ണു ഇടയ്ക്കിടെ ആനത്തറിയിൽ എത്താറുണ്ടായിരുന്നുവെന്ന് പറയുന്നു.
സംഭവമുണ്ടായ ഇന്നലെ രാവിലെയും വിഷ്ണുവും കൂട്ടുകാരും ഈ പറന്പിൽ വന്നിരുന്നത്രെ. പിന്നീട് വൈകീട്ട് ഇവർ തമ്മിൽ തർക്കമുണ്ടാവുകയും അത് സംഘർഷത്തിലെത്തുകയും വിഷ്ണുവിനെ കൂട്ടുകാർ മർദ്ദിക്കുകയും വിഷ്ണു തലയടിച്ച് വീഴുകയുമായിരുന്നുവെന്നാണ് പോലീസിനു ലഭിച്ച വിവരം. കസ്റ്റഡിയിലെടുത്തവരെ പോലീസ് കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. മരിച്ച വിഷ്ണുവിന്റെ അമ്മ: രത്ന.