ചിറയിൻകീഴ്: പെരുങ്ങുഴിയിൽ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ കെട്ടിയിട്ട് പോലീസിൽ ഏൽപ്പിച്ച ആൾ ദിവസങ്ങൾക്കുശേഷം മരിച്ചു.
മംഗലപുരം വേങ്ങോട് മണലകം തടത്തുവിളാകത്ത് വീട്ടിൽ സ്വദേശി തുളസി (ചന്ദ്രൻ-50) ആണ് മരിച്ചത്. കഴിഞ്ഞ മാസം 28ന് പുലർച്ചെ രണ്ടിന് പെരുങ്ങുഴി മടയ്ക്കൽ ശിവപാർവതി ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ നിന്നും പാത്രങ്ങൾ മോഷ്ടിച്ചതിനെ തുടർന്ന് നാട്ടുകാർ പിടികൂടി കെട്ടിയിടുകയായിരുന്നു.
തുടർന്ന് വിവരം ചിറയിൻകീഴ് പോലീസിൽ അറിയിച്ചു. പോലീസ് എത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തൊണ്ടിമുതൽ തിരിച്ചുകിട്ടിയതിനാൽ അടുത്ത ദിവസം രാവിലെ കേസ് വേണ്ടെന്ന് പരാതിക്കാരിയായ വീട്ടമ്മ പോലീസിനെ അറിയിച്ചു.
ഇതേ തുടർന്ന് ഇയാളെ പോലീസ് ആറ്റിങ്ങലിലുള്ള സഹോദരിക്കൊപ്പം വിട്ടയച്ചു.അൾസറിന് ഓപ്പറേഷൻ കഴിഞ്ഞിരുന്ന ഇയാൾക്ക് കഴിഞ്ഞ ഒന്പതാം തീയതി ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുകയും തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
ചികിത്സയിലിരിക്കെ കഴിഞ്ഞ 10 ന് മരണം സംഭവിച്ചു. ഇതിനിടെ ഇയാളെ മുന്പ് നാട്ടുകാർ പിടികൂടി കെട്ടയിട്ട രംഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
മർദനമേറ്റതിനെ തുടർന്നാണ് മരണമുണ്ടായതെന്നു ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. എന്നാൽ സംഭവദിവസം മർദിച്ചതായി ഇയാൾ പോലീസിൽ പരാതി നല്കിയിട്ടില്ലെന്ന് ചിറയിൻകീഴ് പോലീസ് പറഞ്ഞു.
പോലീസ് സ്റ്റേഷനിൽ നിന്ന് പുറത്തുവരുന്പോൾതന്നെ ചന്ദ്രൻ അവശനിലയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ ആരും ഉപദ്രവിച്ച കാര്യം അന്ന് ചന്ദ്രൻ വെളിപ്പെടുത്തിയിരുന്നില്ല.
തുടർന്ന് സഹോദരി ശശികലയുടെ വീട്ടിലേക്ക് ചന്ദ്രനെ കൊണ്ടുപോയി. രണ്ടുദിവസം കഴിഞ്ഞപ്പോൾ വയറ്റിൽ വേദന കലശലായതോടെ ആശുപ്രതിയിലേക്ക് പോയി.
എത്രയും പെട്ടെന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് അവിടെനിന്ന് നിർദേശിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്കാൻ ചെയ്തപ്പോഴാണ് കുടലിന് ക്ഷതമേറ്റതായി കണ്ടത്.
ഉടൻ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ഒമ്പതാം ദിവസം രാത്രിയോടെ മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.