കാട്ടാക്കട: കമ്യൂണിറ്റി കിച്ചണിൽ നിന്നുള്ള ഭക്ഷണം കാത്തുനിൽക്കവെ യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ വയോധികൻ മരിച്ചു. ഇടുപ്പെല്ല് തകർന്ന് ചികിൽസയിലായിരുന്ന മച്ചേൽ പോറ്റിക്കരവിള രാമവിലാസത്തിൽ ആർ. ദാമോദരൻനായർ (83) ആണ് ഇന്നലെ രാവിലെ ജനറൽ ആശുപത്രിയിൽ മരിച്ചത്.
ഏപ്രിൽ 11ന് ഉച്ചയോടെ കമ്യൂണിറ്റി കിച്ചൺ പ്രവർത്തകർ നൽകുന്ന ഭക്ഷണത്തിന് കാത്തുനിൽക്കുമ്പോഴാണ് ആക്രമണമുണ്ടാകുന്നത്. വാക്ക് തർക്കമാണ് ആക്രമണത്തി ന്കാരണം.സംഭവവുമായി ബന്ധപ്പെട്ട് തഴക്കരക്കോണം കിഴക്കുംകര വീട്ടിൽ വി. വിജിതിനെ (23) പോലീസ് അറസ്റ്റ് ചെയ്തിതിരുന്നു.
ഭക്ഷണമെത്തുന്നതും കാത്ത് വഴിയരികിൽ നിന്നിരുന്ന ദാമോദരൻനായരെ അവിടെയെത്തിയ വിജിത് അസഭ്യം വിളിച്ച ശേഷം മർദ്ദനം തുടങ്ങി. ദാമോദരൻനായരുടെ കൈയിലിരുന്ന ഊന്നുവടി പിടിച്ച് വാങ്ങിയായിരുന്നു മർദ്ദനം. അടിയേറ്റ് തറയിൽ വീണശേഷവും ദാമോദരൻ നായരെ ഇയാൾ ക്രൂരമായി മർദ്ദിച്ചു.
ആക്രമണം സഹിക്കവയ്യാതെ വൃദ്ധൻ നിലവിളിച്ചെങ്കിലും ആരും രക്ഷിക്കാനെത്തിയില്ല. ഒടുവിൽ ഇയാൾക്ക് ബോധം നഷ്ടപ്പെട്ടപ്പോഴാണ് വിജിത്ത് സ്ഥലംവിട്ടത്. വിവരമറിഞ്ഞ് ബന്ധുക്കളെത്തി ആശുപത്രിയിലെത്തിച്ചു. വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന ദാമോദരൻ നായർക്ക് കമ്മ്യൂണിറ്റി കിച്ചണിൽ നിന്നുള്ള ഭക്ഷണമാണ് ഏകസഹായം.
സിഐ അനിൽകുമാർ,എസ്ഐ സൈജു എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ പ്രതി റിമാൻഡിലാണ്. മൃതദേഹം ഇന്ന് മെഡിക്കൽകോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷംബന്ധുക്കൾക്ക് വിട്ട് കൊടുക്കും. അടിയന്തരാവസ്ഥക്കാലത്ത് തടവുകാരനായിരുന്നു ആർ. ദാമോദരൻനായർ.
1976 ജനുവരി 1 ന് സോഷ്യലിസ്റ്റ് പാർട്ടി നടത്തിയ അടിയന്തരാവസ്ഥ വിരുദ്ധ സമരത്തിൽ തമ്പാനൂർ നിന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രകടനം നടത്തവേയാണ് ദാമോദരൻ നായരും സഹപ്രവർത്തകരും അറസ്റ്റിലാകുന്നതും തുടർന്ന് ജയിലിലടയ്ക്കുന്നതും. അവിവാഹിതനാണ്.