കളമശേരി: അമ്മയുടെ ക്രൂര മർദനത്തെ തുടർന്നു മൂന്നുവയസുകാരൻ മരണമടഞ്ഞ സംഭവത്തിൽ മാതാപിതാക്കളുടെ ഡിഎൻഎ ഫലം ലഭിക്കാൻ സാമ്പിളുകൾ തിരുവനന്തപുരത്തെ ലാബിലേക്കയച്ചു. കഴിഞ്ഞ ദിവസം ഇതര സംസ്ഥാനക്കാരായ ഇരുവരുടേയും രക്തസാമ്പിളുകൾ ശേഖരിച്ചാണ് തലസ്ഥാനത്തെ ലാബിലേക്ക് അയച്ചത്.
മകനുമായുള്ള തമ്മിലുള്ള ബന്ധം വ്യക്തമാകാനാണ് ഡിഎൻഎ ടെസ്റ്റ് നടത്താൻ അന്വേഷണ സംഘം തീരുമാനിച്ചത്. കേസുമായി ബന്ധപ്പെട്ട് മാതാപിതാക്കൾ റിമാൻഡിലാണ്.കൊച്ചി മെട്രോയുടെ ഏലൂരിലെ യാർഡിൽ ക്രെയിൻ ഡ്രൈവറായി ജോലി ചെയ്യുന്ന ഷാജിത് ഖാന്റെയും ഹെന്ന ഖപൂണിന്റെയും മകനാണ് മരണമടഞ്ഞത്.
ഇയാൾ ഒരു വർഷമായി ഇവിടെ ജോലി ചെയ്യുകയാണ്. ഈ മാസമാണ് ദമ്പതികൾ കുട്ടിയുമായി ഏലൂരിലെ മെട്രോ കാസ്റ്റിംഗ് യാഡിനു സമീപം വാടകയ്ക്കു താമസമാക്കിയത്. കുട്ടിയുടെ തലയുടെ വലത് ഭാഗത്ത് മുറിവേറ്റത് അമ്മ ചപ്പാത്തി പരത്തുന്ന വടിവച്ച് അടിച്ചതിനെ തുടർന്നാണെന്നാണ് മൊഴി നൽകിയിരിക്കുന്നത്.
ഗ്യാസ് സ്റ്റൗവിലെ തീ കൂട്ടുകയും കുറയ്ക്കുകയും ചെയ്തതാണ് തലയ്ക്ക് മർദിക്കാൻ കാരണമെന്നാണ് മൊഴി. ഇതു കൂടാതെ ശരീരമാസകലം മുറിവുകളും ചതവുകളുമുണ്ട്. മാത്രമല്ല പിൻഭാഗത്ത് പൊള്ളലേറ്റ പാടുകളും ഉണ്ടായിരുന്നു.