കോഴിക്കോട്: പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ യുവാവിനായി തെരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. കുണ്ടായിത്തോട് ചെറിയ കരിമ്പാടം കോളനിയിൽ താമസിക്കുന്ന വളയന്നൂർ ഗിരീഷ് (49) ആണ് മകൻ സനലി(22)ന്റെ മർദനമേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെ മരിച്ചത്.
തനിക്കു വന്ന വിവാഹ ആലോചനയുമായി ബന്ധപ്പെട്ട് പിതാവ് മോശം പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് സനല്‍ പിതാവിനെ ക്രൂരമായി മര്‍ദിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവസമയത്ത് സനല്‍ മദ്യപിച്ചിരുന്നു. സനല്‍ ഒളിവിലാണെന്നും കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണു കേസിനാസ്പദമായ സംഭവം. സനലും മാതാവ് പ്രസീതയും ഗിരീഷിൽനിന്നു മാറി മാതൃവീട്ടിലായിരുന്നു താമസം. സംഭവദിവസം ഫോൺ വഴി നടന്ന വാക്കുതർക്കത്തത്തുടർന്ന് രാത്രി വീട്ടിലെത്തിയ സനൽ, ഗിരീഷിനെ മർദിക്കുകയായിരുന്നു. സനൽ മദ്യപിച്ചാണു ഗിരീഷിന്റെ വീട്ടിലെത്തിയത്.
നേരത്തേ മർദനവുമായി ബന്ധപ്പെട്ട് ഗിരീഷിന്റെ സഹോദരിയുടെ പരാതിയിൽ നല്ലളം പൊലീസ് കേസെടുത്തിരുന്നു. കൂലിപ്പണിക്കാരനായിരുന്നു ഗിരീഷ്. ഗിരീഷിന്റെ ഒരു സഹോദരിയുടെ ഭർത്താവ് മരിച്ചതാണ്.
മറ്റൊരു സഹോദരി ഭർത്താവുമായി അകന്നു കഴിയുകയാണ്. ഇതോടെയാണ് രണ്ടു സഹോദരിമാരും ഗിരീഷിന്റെ വീട്ടിൽ താമസം തുടങ്ങിയത്.
സനലും മാതാവ് പ്രസീതയും ബേപ്പൂരിലേക്കു താമസം മാറിയിട്ട് രണ്ട് വർഷത്തോളമായി. ഗിരീഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് സംസ്കരിക്കും.