തിരുവനന്തപുരം: വാക്കു തർക്കത്തിനിടെ യുവാവ് വാഹനമിടിച്ചു മരിക്കാനിടയായ സംഭവത്തിൽ നെയ്യാറ്റിൻകര ഡിവൈഎസ്പി ഹരികുമാറിനെ സസ്പെൻഡ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഡിവൈഎസ്പി കുറ്റക്കാരനാണെന്ന റൂറൽ എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഡിവൈഎസ്പി പ്രതിയായി ഉൾപ്പെട്ട കേസായതിനാൽ എഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവിക്കാൻ പാടില്ലാത്തതാണ് നെയ്യാറ്റിൻകരയിൽ ഉണ്ടായത്. ഇക്കാര്യത്തെ സർക്കാർ ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംഭവത്തിൽ ഹരികുമാറിനെതിരേ പോലീസ് കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയിലാണ് ഡിവൈഎസ്പി ഹരികുമാറുമായി റോഡില്‍വച്ച് തര്‍ക്കിച്ചു കൊണ്ടിരിക്കേ യുവാവ് വാഹനമിടിച്ച് മരിച്ചത്. ഡിവൈഎസ്പിയുടെ വാഹനത്തിന് പുറകില്‍ പാര്‍ക്ക് ചെയ്ത വണ്ടി മാറ്റിയിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അപകടത്തിന് കാരണമയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.