ചേർത്തല: വീട്ടമ്മ ചവിട്ടേറ്റ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മകൻ സന്തോഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കടക്കരപ്പള്ളി പഞ്ചായത്ത് 10-ാം വാർഡ് തൈക്കൽ നിവർത്തിൽ കല്ല്യാണി (75) ആണ് മരിച്ചത്. രക്ത സ്രാവത്തെ തുടർന്ന് ചേർത്തല ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കല്യാണിയെ ഞായറാഴ്ച രാത്രിയോടെ നില ഗുരുതരമായതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെ വഴി മദ്ധ്യേ മരിക്കുകയായിരുന്നു.
തുടർന്ന് മൃതദേഹം താലൂക്ക് ആശുപത്രിയിൽ തിരികെയെത്തിച്ച് മോർച്ചറിയിലേയ്ക്ക് മാറ്റി. പിന്നീട് പട്ടണക്കാട് പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കിയതിന് ശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ് സർജന്റെ സാന്നിധ്യത്തിൽ പോസ്റ്റ് മോർട്ടം നടത്തി. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഇടുപ്പെല്ലിന് ക്ഷതമേറ്റ് ഒടിഞ്ഞ എല്ല് ഗർഭ പാത്രത്തിലേയ്ക്ക് തുളച്ചു കയറിയതാണ് രക്തസ്രാവത്തിന് കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരത്തെ തുടർന്നാണ് മകൻ സന്തോഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. വിശദമായി ചോദ്യം ചെയ്ത ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പോലീസ് നൽകുന്ന സൂചന. രമണി,സുധർമ്മ എന്നിവരാണ് മറ്റു മക്കൾ.