കോലഞ്ചേരി: മർദനമേറ്റ ബീവറേജസ് ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. മറ്റക്കാട്ടിൽ എം.പി. പത്രോസിന്റെ മകൻ ഗീവർഗീസാണ് മരണപ്പെട്ടത്. കെഎസ്ബിസി പെരുമ്പാവൂർ ബീവറേജ് ഷോപ്പിലെ ജീവനക്കാരനായ ഗീവർഗീസിനെ കഴിഞ്ഞ 18 ന് പെരുമ്പാവൂർ ബീവറേജ് ഷോപ്പിലെ ഇൻ ചാർജ് പി.പി. സനൽ ഗോഡൗണിൽ വച്ച് ക്രൂരമായി മർദിച്ചിരുന്നു.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഗീവർഗീസ് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഡിസ്ചാർജ് ചെയ്ത് വീട്ടിൽ എത്തിയത്. ഇതുമായി ബന്ധപ്പെട്ട പെരുമ്പാവൂർ പോലീസ് 294 , 341, 321 വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.
മർദനത്തിൽ കമിഴ്ന്ന് വീണ ഗീവർഗീസിന് കഴുത്തിനും, നെഞ്ചിനും പരിക്കേറ്റിരുന്നു. ബീവറേജിലെ മറ്റ് ജീവനക്കാരാണ് ഗീവർഗീസിനെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്ന് പുലർച്ചെ രണ്ടോടെ ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റ് മോർട്ടത്തിന് ശേഷമാണ് മരണകാരണം വ്യക്തമാവുകയുള്ളൂ. ഭാര്യ: ഷൈനി മക്കൾ: കെസിയ, ലെസിയ (ഇരുവരും വിദ്യാർഥികൾ).