കൊല്ലം: കുടുംബവഴക്കിനിടെ ഗൃഹനാഥൻ മരിച്ച സംഭവത്തിൽ മരുമക്കളെ പോലീസ് അറസ്റ്റുചെയ്തു. മരണം തലക്ക് ക്ഷതമേറ്റാണെന്ന റിപ്പോർട്ടിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
മരുമക്കളായ കാവനാട് മഠത്തിൽ കായൽവാരത്ത് പ്രവീൺഭവനിൽ പ്രവീൺ(29), സെന്റ് ജോർജ് ഐലൻഡ് കാവനാട് ആന്റണി (27) എന്നിവരെയാണ് അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്തത്. കാവനാട് സെന്റ് ജോസഫ് തുരുത്ത് രേഷ്മാഭവനിൽ ജോസഫാ(50) ണ് മരിച്ചത്.
കഴിഞ്ഞദിവസം വൈകുന്നേരം 5.45ന് ജോസഫിനെ മരിച്ച നിലയിൽ മതിലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
മൃതദേഹ പരിശോധനാ റിപ്പോർട്ടിൽ തലയ്ക്ക് ഏറ്റ പരിക്കാണ് മരണകാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിൽ മർദനമേറ്റ പാടുകളുമുണ്ട്.
മുതുകിൽ കുത്തി
സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ- ജോസഫും ഭാര്യ എലിസബത്തുമായി വഴക്കിടുകയും കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് എലിസബത്തിന്റെ മുതുകിൽ കുത്തുകയുമായിരുന്നു.
സംഭവം കണ്ടുവന്ന ജോസഫിന്റെ മരുമക്കൾ ഇരുമ്പുവടി ഉപയോഗിച്ച് ജോസഫിനെ അടിച്ചശേഷം എലിസബത്തിനെ കടവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
ഇതിനിടെ ജോസഫ് ബോധരഹിതനായി വീണു. സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജോസഫ് മരിച്ചിരുന്നു.
അഞ്ചാലുംമൂട് പോലീസ് കേസെടുത്തിരുന്നു. മത്സ്യത്തൊഴിലാളിയായ ജോസഫ് ഹൃദ്രോഗബാധിതനായിരുന്നതായും പോലീസ് പറഞ്ഞു.