ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ വളർത്തു മകന്റെ ചവിട്ടേറ്റ് അച്ഛൻ മരിച്ചത് ആന്തരിക അവയവങ്ങൾക്കേറ്റ മുറിവ് മൂലം. ഏറ്റുമാനൂർ നരിക്കുഴിയിൽ മണി രാഘവനാണ്(70) മരിച്ചത്. ഇയാളുടെ അഞ്ചു വാരിയെല്ലുകൾ ഒടിഞ്ഞു. കരൾ അടക്കമുള്ള ആന്തരിക അവയവങ്ങൾ തകർന്നു. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നിലത്തിട്ട് ശക്തിയായി ചവ ിട്ടിയതാണ് ആന്തരിക അവയവങ്ങൾ തകരാൻ ഇടയാക്കിയതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. മണി രാഘവനെ കൊലപ്പെടുത്തിയ കേസിൽ വളർത്തു മകൻ മനു (34) വിനെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പിതാവിന്റെ അമിത മദ്യപാനവും ഇതേ തുർന്നുള്ള വഴക്കുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മനു വിവാഹം കഴിച്ചിട്ട് രണ്ടു മാസമേ ആയിട്ടുള്ളു. ഭാര്യയുമൊത്തു പോലും സ്വൈര്യമായി കഴിയാൻ പിതാവ് സമ്മതിക്കത്തില്ല. എല്ലാ ദിവസവും മദ്യലഹരിയിൽ എത്തുന്ന പിതാവ് വീട്ടിൽ കലഹമുണ്ടാക്കും. ഇതാണ് മകനെ ചൊടിപ്പിച്ചത്. സംഭവം നടന്ന ഞായറാഴ്ച രാത്രിയിലും മദ്യലഹരിയിൽ വഴക്ക് ആവർത്തിച്ചു.
സഹികെട്ട മനു രാഘവനെ ചവിട്ടി വീഴ്ത്തി. ചവിട്ടേറ്റു വിടിന്റെ തിണ്ണയിൽ വീണ മണി രാഘവൻ ബോധരഹിതനായതോടെ അകത്ത് കട്ടിലിൽ കയറ്റി കിടത്തി. രാവിലെയാണ് മരിച്ചതായി വ്യക്തമായത്. പിന്നീട് സ്വഭാവിക മരണമാക്കാൻ ശ്രമിച്ചെങ്കിലും പോലീസ് എത്തിയതോടെ അസ്വാഭാവിക മരണമെന്നു തീർച്ചപ്പെടുത്തി. പോസ്റ്റ്മോർട്ടം പരിശോധന കഴിഞ്ഞതോടെ കൊലപാതകമെന്ന് സ്ഥീരികരിച്ചു. മനു കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. സംഭവം നടക്കുന്പോൾ മനുവിന്റെ ഭാര്യ വീട്ടിലുണ്ടായിരുന്നു.