കൊല്ലം : നഗരത്തിലെ ബാറിന് സമീപം മധ്യവയസ്കൻ അടിയേറ്റ് മരിച്ചസംഭവത്തിൽ ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതം .മുണ്ടയ്ക്കൽ നേതാജി നഗർ അന്പാടി ഭവനിൽ രാജു (52) ആണ് അടിയേറ്റ് മരിച്ചത്. ഇന്നലെ വൈകുന്നേരം നഗരത്തിലെ പ്രമുഖ ബാർ ഹോട്ടലിന് സമീപമായിരുന്നു സംഭവം.
പള്ളിത്തോട്ടം അനുഗ്രഹ നഗറിൽ ബിപിൻ (25), ജോമോൻ എന്നിവരെയും കണ്ടാലറിയാവുന്ന മറ്റൊരാളെയും പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. ഇവർ മൂവരും ഇന്നലെ രാത്രിയോടെ തന്നെ ജില്ലവിട്ടതായാണ് സൂചന. ബാറിൽനിന്ന് ഒരുമിച്ച് മദ്യപിച്ച് പുറത്തിറങ്ങിയ സംഘങ്ങളാണ് ഏറ്റുമുട്ടിയത്.
വിപിന്റെ തലയിലിരുന്ന തൊപ്പി രാജു വാങ്ങിയതാണ് സംഘർഷത്തിൽ കലാശിച്ചത്. തൊപ്പി ആവശ്യപ്പെട്ടെങ്കിലും രാജുനൽകിയില്ല. തുടർന്ന് വിപിൻ രാജുവിനെ അടിച്ചുവീഴ്ത്തി. അടിയേറ്റുവീണ രാജുവിനെ ഉടൻതന്നെ ജില്ലാആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജുവിനെ അടിച്ചുവീഴ്ത്തിയശേഷം തൊപ്പിധരിച്ചുവരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു.
രാജുവിന്റെ മൃതദേഹം ജില്ലാആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പെയിൻരിംഗ് തൊഴിലാളിയായിരുന്നു രാജു. ഭാര്യ ലൂർദ്. മകൾ സാനിയ. പ്രതികൾക്കായി അന്വേഷണം ഊർജിതപ്പെടുത്തിയതായും ഉടൻതന്നെ പിടിയിലാകുമെന്നും ഈസ്റ്റ് സിഐ പറഞ്ഞു.