പരവൂർ: മദ്യലഹരിയിലുണ്ടായ അടിപിടിയിൽ മർദനമേറ്റ ഗൃഹനാഥൻ മരിച്ച സംഭവത്തിൽ പ്രതിക്കെതിരെ കൊലപാതക കുറ്റത്തിന് പോലീസ് കേസെടുത്തു. പരവൂർ തെക്കുംഭാഗം പനവിളവീട്ടിൽ ശശി (48) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തെക്കുംഭാഗം സ്വദേശി ഇർഷാദിനെതിരെയാണ് പോലീസ് കേസെടുത്തത്.
ഇയാൾ ഒളിവിലാണ്. അയൽവാസിയായ ഇർഷാദുമായി അടിപിടി നടത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനിടയിൽ ശശിക്ക് മർദനമേറ്റിരുന്നു. ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ശശിയെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ആന്തരികാവയവങ്ങൾക്ക് ഏറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽനിന്ന് വ്യക്തമായതോടെയാണ് പ്രതിക്കെതിരെ കൊലകുറ്റത്തിന് കേസെടുത്തത്. നേരത്തെ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്. ശശിയെ മർദിച്ചതോടൊപ്പം വയറ്റത്ത് ചവിട്ടിരുന്നതായും പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.