കോതമംഗലം: വൈദ്യപരിശോധനയ്ക്കായി സർക്കാർ ആശുപത്രിയിൽ എത്തിച്ച കഞ്ചാവ് കേസ് പ്രതി ഡോക്ടറുടെ മുഖത്തടിച്ചു. തൃക്കാരിയൂർ കക്കാട്ടുകുടി രാജു (62) ആണു കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഇഎൻടി സർജൻ ഡോ. അനൂപ് ബാബുവിന്റെ മുഖത്തടിച്ചത്. കോതമംഗലം കോടതി റിമാൻഡ് കാലാവധി നീട്ടിയ പ്രതിയെ മെഡിക്കൽ പരിശോധനയ്ക്കായി ഇന്നലെ ഉച്ചയ്ക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം.
അത്യാഹിതവിഭാഗത്തിൽ എത്തിച്ചപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. അനൂപായിരുന്നു പ്രതിയെ പരിശോധിച്ചത്. ദേഹപരിശോധന നടത്തുന്നതിനിടെ കാലിലെ മുറിവ് പരിശോധിക്കാൻ പ്രതി ഡോക്ടറോട് ആവശ്യപ്പെട്ടു. ഡോക്ടർ പരിശോധിക്കാമെന്നു പറയുകയും ചെയ്തു.
എന്നാൽ മുറിവ് പരിശോധിക്കാതെ ഡോക്ടർ മറ്റു പരിശോധനകൾ തുടരുന്നതിൽ പ്രകോപിതനായി ബഹളം കൂട്ടിയ പ്രതി ഡോക്ടറുടെ മുഖത്തു ശക്തിയായി അടിക്കുകയായിരുന്നു. പ്രതിക്കൊപ്പം വന്ന പോലീസുകാർ തൊട്ടടുത്തുതന്നെ നിൽക്കുന്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം. ഉടൻ പോലീസുകാർ പ്രതിയെ കീഴ്പ്പെടുത്തി വിലങ്ങുവച്ചു.
വിവരമറിഞ്ഞ് എസ്ഐ സി.വി. ലൈജുമോനും കൂടുതൽ പോലീസുകാരും സ്ഥലത്തെത്തി. നഗരസഭാ അധികൃതരെത്തി ആശുപത്രി സൂപ്രണ്ടും മറ്റു ഡോക്ടർമാരുമായി ചർച്ച നടത്തി. സുരക്ഷിതമായി ജോലി ചെയ്യാനുള്ള സൗകര്യമുണ്ടാകണമെന്നു ഡോക്ടർമാർ ആവശ്യപ്പെട്ടു. ഡോക്ടറെ മർദിച്ചതിനും ജോലി തടസപ്പെടുത്തിയതിനും പ്ര തിക്കെതിരേ പോലീസ് കേസെടുത്തു. ഡോക്ടറെ മർദിച്ച കേസിൽ ഇയാളെ ഇന്നു വീണ്ടും കസ്റ്റഡിയിൽ വാങ്ങും.