കോട്ടയം: സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്്ടറെ മർദിച്ചു. പൊൻകുന്നം ശാന്തിനികേതൻ ആശുപത്രിയിൽ കഴിഞ്ഞ 26നായിരുന്നു സംഭവം.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. അബു സേവ്യറിനാണ് മർദനമേറ്റത്.മദ്യലഹരിയിൽ അപകടത്തിൽ പരിക്കേറ്റ് എത്തിയ അരുണ് രാജ് എന്ന യുവാവാണ് മർദിച്ചത്.
അപകടത്തിൽപ്പെട്ടതിന്റെ വിവരങ്ങൾ ഡോക്ടർ ചോദിച്ചറിയുന്നതിനിടയിലാണ് ഇയാൾ അകാരണമായി മർദിച്ചതെന്ന് ഐഎംഎ പൊൻകുന്നം സ്റ്റേഷനിൽ നല്കിയ പരാതിയിൽ പറയുന്നു.
പരാതി നല്കിയ ആദ്യഘട്ടത്തിൽ പോലീസ് കേസെടുക്കാൻ തയാറായില്ലെങ്കിലും ഐഎംഎയുടെ ശക്തമായ സമ്മർദത്തെ തുടർന്നാണ് ഒടുവിൽ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്നു പോലീസ് കേസിൽ അന്വേഷണം ആരംഭിച്ചതോടെ അരുൺരാജ് ഒളിവിൽ പോയി.
തുടർന്നു കോടതിയെ സമീപിച്ചു മൂൻകൂർ ജാമ്യത്തിനു ശ്രമിച്ചെങ്കിലും ഇയാളുടെ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളുകയും ചെയ്തു.
കേസ് രജിസ്റ്റർ ചെയ്തു ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ പോലീസിനു കഴിഞ്ഞില്ല. സംഭവത്തിൽ പ്രതിഷേധിച്ചു ശാന്തിനികേതൻ ആശുപത്രിയിൽ ഡോക്ടർമാർ നാളെ ഒരുമണിക്കൂർ ഒപി ബഹിഷ്ക്കരിച്ച് സൂചനാ പണിമുടക്ക് നടത്തുമെന്ന് ഐഎംഎ കാഞ്ഞിരപ്പള്ളി ഭാരവാഹികൾ അറിയിച്ചു.
കോവിഡ് കാലത്ത് മുൻ നിരയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ നേരെ അടിക്കടിയുണ്ടായ ആക്രമണങ്ങളും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുണ്ടാകുന്ന കാലതാമസവും ആരോഗ്യ പ്രവർത്തകരുടെ മനോധൈര്യം കെടുത്തുകയാണ്.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഐഎംഎ കാഞ്ഞിരപ്പള്ളി ബ്രാഞ്ച് ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഡോ. കെ.ഇ. മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. മാത്യു പി. തോമസ്, ട്രഷറർ ഡോ. പി.ഐ. ജോസഫ് എന്നിവർ പ്രസംഗിച്ചു.