കോട്ടയം: സ്വകാര്യ ബസിലെ മദ്യപാനം ചോദ്യം ചെയ്ത ഡ്രൈവറെ മദ്യ ലഹരിയിലെത്തിയ 12 അംഗ സംഘം ക്രൂരമായി മർദിച്ചിട്ട് പോലീസ് ഇതുവരെ കേസെടുത്തില്ല. കുറവിലങ്ങാട് വയല സ്വദേശി ഷിജിക്കാണ് (28) മർദനമേറ്റത്. കോട്ടയം -കുമരകം സർവീസ് നടത്തുന്ന അപ്പൂസ് എന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് ഷിജി. തലയ്ക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റ ഇയാളെ കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രിയിൽ ഇല്ലിക്കൽ വച്ചാണ് മർദനമേറ്റത്. ഇന്നലെ രാവിലെ ബസുടമ കുമരകം പോലീസിൽ പരാതി നല്കി. പരിക്കറ്റ ഷിജി മെഡിക്കൽ കോളജിലാണെന്ന വിവരവും പോലീസിനെ ധരിപ്പിച്ചു. എന്നിട്ടും പോലീസ് അനങ്ങിയില്ല. കേസെടുക്കാനോ പ്രതികളെക്കുറിച്ച് അന്വേഷിക്കാനോ പോലീസ് തയാറായില്ല. ഇന്നു രാവിലെ ആശുപത്രിയിൽ നിന്ന് ഇൻഡിമേഷൻ ലഭിച്ച ശേഷവും കേസെടുത്തില്ല. പരിക്കേറ്റയാളുടെ മൊഴിയെടുത്ത ശേഷമേ കേസെടുക്കു എന്ന നിലപാടിലാണ് പോലീസ്.
12 പേർ ചേർന്ന് ഒരാളെ ക്രൂരമായി മർദിച്ച വിവരം ചൊവ്വാഴ്ച രാത്രിയിൽ തന്നെ പോലീസിനെ അറിയിച്ചതാണ്. എന്നിട്ടും സ്ഥലത്ത് എത്തുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല. അതേ സമയം പരിക്കേറ്റയാൾ ഏത് ആശുപത്രിയിലാണ് കിടക്കുന്നതെന്ന് അറിയില്ല എന്നാണ് ഇതേക്കുറിച്ച് കുമരകം എസ്ഐ പറയുന്നത്. പോലീസ് മെഡിക്കൽ കോളജിൽ പോയി അന്വേഷിച്ചെന്നും പരിക്കേറ്റയാളെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് കേസെടുക്കാതിരുന്നതെന്നുമാണ് എസ്ഐയുടെ നിലപാട്.
രാത്രി ഇല്ലിക്കൽ ജംഗ്ഷന് സമീപം പെട്രോൾ പന്പിൽ വച്ചാണ് ഷിജിക്ക് മർദനമേറ്റത്. സർവീസ് അവസാനിപ്പിച്ചതിന് ശേഷം ഇല്ലിക്കലെ പെട്രോൾ പന്പിലാണ് ബസ് പാർക്ക് ചെയ്യുന്നത്.ഞായറാഴ്ച പതിവുപോലെ ഷിജിയും കൂട്ടരും വാഹനം പാർക്ക് ചെയ്ത് പോയ തക്കം നോക്കി മറ്റൊരു സ്വകാര്യ ബസിലെ ഡ്രൈവരും കൂട്ടാളികളും ഈ ബസിൽ കയറി ഇരുന്നു മദ്യപിച്ചു. രാത്രി മുഴുവനും ലൈറ്റ് ഇട്ട് കൊണ്ടായിരുന്നു മദ്യപാനം.
അതു കൊണ്ടുതന്നെ വാഹനത്തിന്റെ ബാറ്ററി കപ്പാസിറ്റി തീർന്നു.പിറ്റേന്ന് ബസ് എടുക്കാനെത്തിയപ്പോൾ വാഹനം സ്റ്റാർട്ട് ആകാതെ വരുകയും തുടർന്നുള്ള പരിശോധനയിൽ ബാറ്ററി കപ്പാസിറ്റി തീർന്നതാണെന്ന് മനസിലാക്കുകയും ചെയ്തു. അന്വേഷണത്തിൽ തലേ ദിവസം ബസിൽ ലൈറ്റിട്ട് ചിലർ മദ്യപിച്ചിരുന്നതായും ലൈറ്റ് ഓഫാക്കാതെ ഇറങ്ങി പോയതായും കണ്ടെത്തി. വാഹനം സ്റ്റാർട്ട് ആകാതിരുന്നതിനെ തുടർന്ന് അന്നത്തെ സർവീസ് മുടങ്ങിയെന്ന് അപ്പൂസ് ബസിന്റെ ഉടമ പറഞ്ഞു.
തുടർന്ന് പൊലീസിൽ പരാതി നൽകാനൊരുങ്ങിയപ്പോൾ നഷ്ടപരിഹാരം നൽകാമെന്ന് സമ്മതിച്ച് ബസിലിരുന്ന മദ്യപിച്ച സംഘം സമീപിച്ചതായും അതോടെ പരാതി വേണ്ടെന്നുവച്ചെന്നും പറയുന്നു.ചൊവ്വാഴ്ച സർവീസിനുശേഷം പതിവു പോലെ വാഹനം പാർക്ക് ചെയ്യാനെത്തിയപ്പോൾ മദ്യലഹരിയിലെത്തിയ സംഘം ഷിജിയെ മർദിക്കുകയായിരുന്നു.