കോട്ടയം: പാത്താമുട്ടത്ത് സമാധാന അന്തരീക്ഷം ഉറപ്പാക്കാൻ പോലീസ് ശ്രമിക്കുന്നില്ലെന്ന് ഡിവൈഎഫ്ഐ ഉൗരുവിലക്ക് കാരണം വീട്ടിൽ പോകാൻ കഴിയാതെ കഴിഞ്ഞ ഒന്പതു ദിവസമായി കൂന്പാടി സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളിയിൽ കഴിയുന്നവർ പരാതിപ്പെട്ടെന്ന് കേരളാ കോൺഗ്രസ്-എം. ഇന്നലെ ഇവരെ സന്ദർശിച്ച കേരള കോണ്ഗ്രസ്-എം നേതൃ സംഘത്തോടാണ് പരാതി പറഞ്ഞത്.
സി.എഫ്.തോമസ് എംഎൽഎ, ജോസഫ് എം.പുതുശേരി, പ്രിൻസ് ലൂക്കോസ്, വിജി. എം.തോമസ്, സണ്ണി തെക്കേടം, ബേബി മൂഴിപ്പാറ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.അതിക്രമത്തിൽ പരിക്കേറ്റവർ ഭീകരാവസ്ഥ വിവരിച്ചു. പ്രതികൾ ജാമ്യത്തിലിറങ്ങി ഇപ്പോഴും ഭീകരാവസ്ഥ സൃഷ്ടിക്കുന്നതിനാൽ വീടുകളിലേക്കു പോവാൻ കഴിയാത്ത അവസ്ഥയാണന്നു അവർ പറഞ്ഞു.
എൻജിനിയറിംഗ് പരീക്ഷ എഴുതേണ്ട കുട്ടിയുൾപ്പെടെ ഇതിലുണ്ട്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇപ്പോഴും അക്രമികൾ അഴിഞ്ഞാടുന്നതു ഗുരുതരമായ വീഴ്ചയാണന്നു പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സി.എഫ്.തോമസ് എംഎൽഎ പറഞ്ഞു. ഇതിനിടയിൽ പ്രധാന റോഡിൽ നിന്നു പള്ളിയിലേയ്ക്കുള്ള വഴിയിലേക്കു തിരിഞ്ഞപ്പോൾ സി.എഫ്. തോമസും ജോസഫ് എം. പുതുശേരിയും സഞ്ചരിച്ച വാഹനം വനിതകളടക്കമുളള സിപിഎം പ്രവർത്തകർ തടഞ്ഞു.
സിപിഎം പ്രവർത്തകരെ ഭയന്നു വീട്ടിൽ പോകാനാവാതെ നിരവധി കുടുംബങ്ങൾക്കു ഒരാഴ്ചയിലേറെയായി പള്ളിയിൽ തന്നെ കഴിയേണ്ടി വരുന്ന സാഹചര്യം കേരളത്തിനാകെ അപമാനകരമാണന്നു കേരള കോണ്ഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി പറഞ്ഞു.