ആലപ്പുഴ: നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപനയുമായി ബന്ധപ്പെട്ട് കടയിൽ പരിശോധയ്ക്കെത്തിയ എക്സൈസ് സംഘത്തിന് നേരെ ആക്രമണം. ആലപ്പുഴ എക്സൈസ് ഇൻസ്പെക്ടർ ഉൾപ്പടെ നാലു ഉദ്യോഗസ്ഥർക്ക്് ആക്രമണത്തിൽ പരിക്കേറ്റു. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അനീഷ്, പ്രിവന്റീവ് ഓഫീസർ സുധീർ, സിവിൽ ഓഫീസർ വികാസ്, ഡ്രൈവർ പ്രഭാത് എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ആലപ്പുഴ ബീച്ചിനു തെക്കുഭാഗത്തുള്ള കടയിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപ്പന നടക്കുന്നത് അറിഞ്ഞ് പരിശോധയ്ക്കെത്തിയതായിരുന്നു സംഘം.പ്രദേശത്തെത്തിയ സംഘം കച്ചവട സ്ഥാപനം നിരീക്ഷിക്കുന്നതിനിടയിൽ ഒരു വിദ്യാർഥി പുകയില ഉത്പന്നം വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടു.
വിദ്യാർഥിയെ പിന്നീട് പിടികൂടിയ എക്സൈസ് സംഘം ഇയാളുമായി കടയിലെത്തിയെങ്കിലും കടയുടമ ഇത് നിഷേധിക്കുകയും എക്സൈസ് സംഘത്തിന് നേരെ അതിക്രമം നടത്തുകയായിരുന്നു. കടയുടമയും ബന്ധുക്കളും ചേർന്നാണ് അക്രമണം നടത്തിയതെന്നാണ് എക്സൈസ് സംഘം പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.
ആക്രമണത്തിൽ പരിക്കേറ്റ എക്സൈസ് ഉദ്യോഗസ്ഥർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. എക്സൈസ് സംഘത്തെ തടഞ്ഞതിനും ഒൗദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കടയുടമയ്ക്കും മകനുമെതിരെ സൗത്ത് പോലീസ് കേസെടുത്തു.