കണ്ണൂർ: പഴകിയതാണെന്ന് പറഞ്ഞ് ചട്ടിയിലിരുന്ന കറി അച്ഛൻ അമ്മയുടെ മുഖത്തേക്ക് ഒഴിച്ചപ്പോഴാണ് 12 വയസുകാരൻ ഓടിയെത്തിയത്. മദ്യലഹരിയിലായിരുന്ന അയാൾ കലിപ്പ് തീർത്തത് പിന്നെ മകനോടായിരുന്നു. അമ്മയെ മർദിക്കുന്നത് തടയാനെത്തിയ 12 വയസുകാരനെ അയാൾ കാലിൽ തൂക്കിയെടുത്ത് എറിഞ്ഞു. എന്നിട്ടും കലി തീരാതെ കൈയിൽ പിടിച്ച് തിരിച്ച് ഒടിച്ചു. ഇതിനിടയിൽ എത്തിയ എട്ടുവയസുകാരിയെ പിടിച്ച് നിലത്തെറിഞ്ഞു…
കുട്ടികളുടെയും യുവതിയുടെയും നിലവിളി കേട്ട് നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്നാണ് ഇയാളെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രതിക്കെതിരേ വധശ്രമത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
അഴീക്കോട് സ്വദേശിയായ 41 കാരൻ മക്കളെ മർദിക്കുന്നത് പതിവായിരുന്നു. രാവിലെ മത്സ്യം പിടിക്കാൻ വള്ളത്തിൽ പോകുന്ന ഇയാൾ തിരികെ മദ്യലഹരിയിലായിരുന്നു പതിവായി വീട്ടിലേക്ക് എത്തിയിരുന്നത്. വീട്ടിലെത്തിയാൽ തുടങ്ങും കുട്ടികളെ മർദിക്കാൻ. കുട്ടികളുടെ കൈ പിടിച്ച് തിരിക്കുക, മുഖത്ത് കാർക്കിച്ച് തുപ്പുക, മുഖത്തടിക്കുക തുടങ്ങിയവ ഇയാളുടെ ക്രൂര വിനോദങ്ങളാണ്.
കുട്ടികളെ കൊണ്ട് നിർബന്ധിച്ച് ശുചിമുറിയിലെ മലിനജലം കുടിപ്പിക്കാറുണ്ടെന്ന് കുട്ടികളുടെ അമ്മ മൊഴി നൽകിയിട്ടുണ്ട്. ഭാര്യ ജോലിക്കു പോകുന്ന സമയം നോക്കിയായിരുന്നു ഇയാൾ കുട്ടികളെ ഏറെയും ഉപദ്രവിച്ചത്. കിടന്നുറങ്ങുന്ന കുട്ടികളുടെ കാലിൽ ചവിട്ടി എഴുന്നേൽപ്പിക്കുന്നത് ഇയാളുടെ ക്രൂര വിനോദങ്ങളിലൊന്നായിരുന്നു.
ഭാര്യയും നിരന്തരം മർദ്ദനത്തിനിരയായിരുന്നു. അച്ഛന്റെ മർദ്ദനത്തിനിരയാകുന്ന കുട്ടികൾ പതിവായി ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ടായിരുന്നു. എന്നാൽ ഭയം മൂലം പരാതിപ്പെടാൻ ഇവർ തയാറായില്ല.