മാവേലിക്കര: വയോധികനായ പിതാവിനെ മർദിക്കുന്ന രംഗം സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതിനെ തുടർന്ന് പിതാവിനെ മർദിച്ച മകനെതിരെ പോലീസ് വധശ്രമത്തിനു കേസെടുത്തു. ഫേസ്ബുക്കിൽ വൻ രീതിയിൽ പ്രചരിച്ച വീഡിയോ ഫേസ്ബുക്ക് അധികൃതർ നീക്കം ചെയ്തു. തെക്കേക്കര ഉന്പർനാട് കക്കാനപ്പള്ളി കിഴക്കതിൽ രവീഷ് (29)ന് എതിരെയാണ് കുറത്തികാട് പോലീസ് കേസെടുത്തത്.
കഴിഞ്ഞ ലോക വയോജന ദിനത്തിൽ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവമെന്നതിനാൽ സോഷ്യൽ മീഡിയയിലൂടെ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. സംഭവം ശ്രദ്ധയിയിൽപ്പെട്ട സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശ പ്രകാരമാണ് കുറത്തികാട് പോലീസ് കേസെടുത്തിട്ടുള്ളത്.
രവീഷ് വാങ്ങികൊണ്ടുവന്ന മദ്യക്കുപ്പിയെ ചൊല്ലിയുണ്ടായ തർക്കമാണ് രവീഷ് പിതാവായ രഘുവിനെ മർദിച്ചതിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. രവീഷ് പിതാവിനെ അടിച്ചു വീഴ്ത്തിയശേഷം തൊഴിക്കുന്നതും അപ്പോൾ അമ്മ ശാപവാക്കുകൾ ചൊരിയുന്നതും ഒരാൾ രവീഷിനെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.
രവീഷിനെ അന്വേഷിച്ച് പോലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാൾക്കു വേണ്ടിയുള്ള തെരച്ചിൽ ഉൗർജിതമാക്കിയതായും പോലീസ് അറിയിച്ചു.