കോട്ടയം: ഭർത്താവ് വിദേശത്തു പോയപ്പോൾ ഭാര്യ സന്തം വീട്ടിൽ പോയതിന് ഭർതൃ പിതാവും മാതാവും ചേർന്ന് യുവതിയെ മർദിച്ചതായി പരാതി. യുവതിയുടെ പരാതിയിൽ അമ്മായി അപ്പനും അമ്മായി അമ്മയ്ക്കുമെതിരേ പാലാ പോലീസ് കേസെടുത്തു. തൊടുപുഴ സ്വദേശിയായ യുവതിയാണ് ഇന്നലെ പാലാ പോലീസിലെത്തി പരാതി നല്കിയത്.
ഒരു വർഷം മുൻപായിരുന്നു യുവതിയും പാലാ സ്വദേശിയുമായുള്ള വിവാഹം. മൂന്നു മാസത്തിനു ശേഷം ഭർത്താവ് ഗൾഫിലേക്ക് പോയി. ഇതോടെ യുവതി സ്വന്തം വീട്ടിലേക്ക് പോയി. ഇതേ ചൊല്ലി ഭർതൃ പിതാവും മാതാവുമായി വഴക്കുണ്ടാകുമായിരുന്നു.
ഇതിനിടെ യുവതി ഭർതൃ വീട്ടിലെത്തി തുണിയും അലമാരയും മറ്റും സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. ഇതിനിടെയാണ് മർദിച്ചതെന്നു ചൂണ്ടിക്കാട്ടി ഇപ്പോൾ പരാതി നല്കിയിരിക്കുന്നത്.
അതേ സമയം കേസെടുത്തെങ്കിലും വിശദമായ അന്വേഷണം നടത്തി പരാതിയിൽ പറയുന്ന കാര്യം സത്യമാണോ എന്നറിഞ്ഞ ശേഷമേ തുടർ നടപടികൾ ഉണ്ടാവു എന്ന് പാലാ പോലീസ് വ്യക്തമാക്കി.