കെ.ഷിന്റുലാല്‍
കോഴിക്കോട് : വിദേശത്ത് നിന്നെത്തിക്കുന്ന കള്ളക്കടത്ത് സ്വര്‍ണം ഒറ്റികൊടുക്കുന്ന ചാരന്മാരെ ചോദ്യം ചെയ്യാന്‍ ക്വട്ടേഷന്‍ സംഘത്തിന് ഇടിമുറി ! മലബാറില്‍ പറന്നിറങ്ങുന്ന സ്വര്‍ണം തട്ടിയെടുക്കുന്നവരെ ലക്ഷ്യമാക്കിയാണ് കാസര്ഗോഡുള്പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇടിമുറി സജ്ജമാക്കിയിട്ടുള്ളത്.
ഇടിമുറി വിവിധ ക്വട്ടേഷന്‍ സംഘങ്ങള്‍ മാറിമാറി ഉപയോഗിക്കാറുണ്ടെന്നും പോലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.
കോഴിക്കോട് കുന്നമംഗലത്ത് രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തട്ടികൊണ്ടുപോകലിലും കരുവാരക്കുണ്ട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും ഇരകളായവരെ പീഡിപ്പിച്ചതും ചോദ്യം ചെയ്തതും ഓരേ ഇടിമുറിയിലാണെന്നും അന്വേഷണസംഘം കണ്ടെത്തി.
ഇതോടെയാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ വ്യത്യസ്തരാണെങ്കിലും ഇടിമുറി പൊതുവെ ഉപയോഗിക്കുന്നുവെന്ന് വ്യക്തമായത്. മലബാറിലെ പ്രധാന ഇടിമുറി കാസര്‍ഗോഡിന് സമീപത്തെ ഉപ്പളയിലുള്ള വാടക വീട്ടിലാണ്.
ഇവിടെ വച്ച് നിരവധി പേരെ ക്രൂരമായ ചോദ്യം ചെയ്യലുകള്‍ക്ക് വിവിധ ക്വട്ടേഷന്‍ സംഘങ്ങള്‍ ഉപയോഗിച്ചതായാണ് വിവരം. 2018 ല്‍ കുന്നമംഗലം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പരാതിക്കാരനായ യുവാവിനെയും ഇവിടെ വച്ചാണ് മര്‍ദിച്ചത്.
സംഭവത്തില്‍ കഴിഞ്ഞ ദിവസം കൊടുവള്ളി ആവിലോറ സ്വദേശി അബൂബക്കറിനെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
കേസില്‍ ഇനി അഞ്ചുപേരെ കൂടി പിടികൂടാനുണ്ട് . സ്വര്‍ണവുമായെത്തിയ കാരിയര്‍ മുങ്ങിയതിനു പിന്നാലെ പിടികൂടാന്‍ ക്രിമിനല്‍ സംഘത്തിനു ക്വട്ടേഷന്‍ നല്കിയ കേസിലെ അന്വേഷണത്തിലാണ് സ്വര്‍ണക്കവര്‍ച്ചാ സംഘത്തിന്റെ ഓപ്പറേഷന് പോലീസിന് വ്യക്തമായത്.
കുന്നമംഗലം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഒരു വര്‍ഷം മുമ്പാണ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയത്. ട്രാഫിക് അസി.കമ്മീഷണര്‍ കെ.സി.ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. 2018 സപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവം
. കൊടുവള്ളി സംഘം കാരിയര്‍ മുഖേന ഒന്നരകിലോ സ്വര്‍ണം നാട്ടിലേക്ക് അയച്ചു. ജ്യൂസ് രൂപത്തില്‍ ലായനിയാക്കിയായിരുന്നു സ്വര്‍ണം അയച്ചത്.
എന്നാല്‍ കാരിയര്‍ ഈ വിവരം മറ്റൊരുസംഘത്തിനെ അറിയിക്കുകയായിരുന്നു. കാരിയര്‍ കരിപ്പൂരില്‍ ഇറങ്ങുകയും സ്വര്‍ണത്തിനായി കാത്തു നിന്ന കൊടുവള്ളി സംഘം അറിയാതെ മറ്റൊരു സംഘത്തിനൊപ്പം രക്ഷപ്പെട്ടു.
സ്വര്‍ണവുമായി രക്ഷപ്പെട്ട കാരിയറേയും സംഘത്തേയും തിരിച്ചറിഞ്ഞ അബൂബക്കര്‍ ഇവരെ പിടികൂടാനും സ്വര്‍ണം വീണ്ടെടുക്കാനുമായി നിരവധി കവര്‍ച്ചാ കേസുകളിലെ പ്രതിയായ കാക്കരഞ്ജിത്തിന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.
ക്വട്ടേഷന്‍ ഏറ്റെടുത്ത കാക്കരഞ്ജിത്ത് കാരിയറേയും ഒപ്പമുണ്ടായിരുന്ന കുന്നമംഗലം സ്വദേശിയായ യുവാവിനേയും പിടികൂടി. ദിവസങ്ങളോളം കാസര്‍ഗോഡ് ഉപ്പളയ്ക്ക് സമീപത്തുള്ള വീട്ടില്‍ വച്ച് മര്‍ദിക്കുകയും ചെയ്തു.
മര്‍ദനത്തെ തുടര്‍ന്ന് തട്ടിയെടുത്ത സ്വര്‍ണം സംബന്ധിച്ച് യുവാവ് ക്വട്ടേഷന്‍ സംഘത്തിന് വിവരം കൈമാറി. ഒരുകിലോ സ്വര്‍ണം ഇവര്‍ വീണ്ടെടുക്കുകയും ചെയ്തു. അതിനിടെ യുവാവിനെ കാണാതായതിന് പിന്നാലെ അമ്മ കുന്നമംഗലം പോലീസില്‍ പരാതി നല്കി.
കേസ് പിന്‍വലിക്കാനും ഭീഷണി
തട്ടിക്കൊണ്ടുപോയ യുവാവിനെ ഭീഷണിപ്പെടുത്തി കേസ് പിന്‍വലിക്കാനും സമ്മര്‍ദമുണ്ടായിരുന്നു. ക്വട്ടേഷന്‍ സംഘങ്ങളായിരുന്നു ഭീഷണിക്ക് പിന്നിലുള്ളത്.
എന്നാല്‍ കേസില്‍ സ്വര്‍ണക്കവര്‍ച്ചാ സംഘങ്ങളുടെ പങ്ക് വ്യക്തമായതോടെ കണ്ണൂര്‍ റേഞ്ച് ഐജിയുടെ നിര്‍ദേശപ്രകാരം പ്രത്യേക സംഘത്തെ അന്വേഷണം ഏല്‍പ്പിക്കുകയായിരുന്നു.
ട്രാഫിക് അസി.കമ്മീഷണര്‍ കെ.സി.ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മനോജ് ബാബു, സന്തോഷ്, ഷിജിന്, അജിത്ത്, ബിനു, ഫിറോസ് എന്നിവരുമായിരുന്നു സംഘത്തിലുള്ളത് . ഈ അന്വേഷണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
പ്രതികളിലൊരാള്‍ ഇന്റര്‍പോള്‍ പട്ടികയിലും
കേസില്‍ ഇനി അഞ്ചുപേരെയാണ് പിടികൂടാനുള്ളത്. കാസര്‍ഗോഡ് സ്വദേശികളായ മുഹമ്മദ് റഫീഖ് എന്ന നപ്പട്ട റഫീഖ്, സിയ, കൊടുവള്ളി സ്വദേശി സമീര്‍, കണ്ടാലറിയാവുന്ന മറ്റു രണ്ടുപേര്‍ എന്നിവരെയാണ് ഇനിയും പിടികൂടാനുള്ളത്.
ഇതില്‍ നപ്പട്ട റഫീഖിനെ ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ്.റഫീഖിനെതിരേ കൊലപാതകം, മറ്റു ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഗൂഢാലോചന എന്നിവ ചുമത്തിയിട്ടുണ്ട്.
വിദേശത്തുള്ള റഫീഖിന് മലയാളം, കന്നട,ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ അറിയാം. ഇന്ത്യയില്‍ ഏത് വിമാനതാവളത്തില്‍ റഫീഖ് ഇറങ്ങിയാലും പിടികൂടാനുള്ള നിര്‍ദേശവും ഇന്റര്‍പോള്‍ നല്‍കിയിട്ടുണ്ട്