പാനൂർ: മനുഷ്യാവകാശ പ്രവർത്തകനെ ബൈക്ക് തടഞ്ഞ് ഒരു സംഘം ക്രൂരമായി മർദിച്ചു. മനുഷ്യാവകാശ പ്രവർത്തകൻ കരിയാട് കിടഞ്ഞിയിലെ ഹമീദ് കിടഞ്ഞിയ്ക്കാണ് (46) മർദനമേറ്റത്. ഇന്നലെ രാത്രി പത്തോടെ ഒരു കല്യാണ വീട്ടിൽ പോയി തിരിച്ചു വരുമ്പോൾ കിടഞ്ഞി- ഉണ്യൻകടവ് റോഡിൽ വെച്ചാണ് സംഭവം.
ബൈക്കിന് കുറുകെ ചാടിയ അക്രമിസംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.ഇരു കൈക്കും കാലിനും നട്ടെല്ലിനുമാണ് പരിക്ക്.റോഡിൽ രക്തം വാർന്ന് കിടക്കുകയായിരുന്ന ഇയാളെ അതുവഴി വന്ന യാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ഹമീദിനെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ ഇന്ന് രാവിലെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
പെരിങ്ങത്തൂർ ടൗണിൽ വ്യാപാരിയായ ഹമീദ് കിടഞ്ഞിയെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് രാവിലെ 6 മുതൽ പെരിങ്ങത്തൂർ ടൗണിൽ വ്യാപാരികൾ കടകളടച്ച് ഹർത്താലാചരിച്ചു വരികയാണ്. വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. ഹമീദിന്റെ പരാതിയിൽ ചൊക്ലി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.