തലശേരി: സ്വകാര്യആശുപത്രിയിൽ ഡോക്ടറെ കാണാനെത്തിയ കുട്ടിയെ മർദിച്ച സംഭവത്തിൽ രണ്ടുപ്രതികളെ തിരിച്ചറിഞ്ഞു. തലശേരി, കണ്ണൂക്കര സ്വദേശികളെയാണ് തിരിച്ചറിഞ്ഞത്. മർദനമേറ്റ കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. ന്യൂമാഹി അഴീക്കൽ ബിച്ച് കോട്ടക്കുന്നുമ്മൽ പി. ഫൗജറിന്റെ മകൻ ഹസൻ ഷാക്കിബിനാണ് (12) മർദനമേറ്റത്.
ന്യൂറോ സംബന്ധമായ അസുഖത്തിനു ഡോക്ടറെ കാണാൻ മാതാവിനൊപ്പം എത്തിയതായിരുന്നു ബാലൻ. ഇതിനിടയിൽ ഇതേ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിക്കാൻ ആശുപത്രിയിലെ മൂന്നാം നിലയിൽ എത്തി. സമീപത്തുകണ്ട ലിഫ്റ്റിന്റെ ബട്ടണിൽ കുട്ടി അമർത്തുന്നതുകണ്ടു മുകളിൽ നിന്ന് ഇറങ്ങിവന്ന മധ്യവയസ്കരായ രണ്ടുപേർചേർന്നു കുട്ടിയുടെ കഴുത്തിനും മുഖത്തും അടിച്ചുവെന്നാണ് പരാതി.
അടിയേറ്റു തളർന്നുപോയ ബാലനെ ഉടനെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാക്കി. കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം. ആശുപത്രിയിൽ കഴിയുന്ന രോഗിക്കു കൂട്ടിരിക്കാൻ എത്തിയ രണ്ടുപേരാണ് അക്രമികളെന്നു കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. കുട്ടി അവശനായതു കണ്ടതോടെ അക്രമികൾ ആശുപത്രിയിൽനിന്നു സ്ഥലംവിട്ടു. കൈകൊണ്ട് അടിച്ചുപരുക്കേൽപ്പിച്ചതിന് കേസ് എടുത്തിട്ടുണ്ടെന്ന് എസ്ഐ എം. അനിൽ അറിയിച്ചു.