തലശേരി: രോഗിയായ 12 വയസുകാരനെ ആശുപത്രിയില്‍ അടിച്ചു വീഴ്ത്തി ബോധം കെടുത്തിയ സംഭവത്തില്‍ രണ്ട് പ്രതികളെ ടൗണ്‍ പ്രിന്‍സിപ്പല്‍ എസ്ഐ എം. അനിലും സംഘവും അറസ്റ്റ് ചെയ്തു. ന്യൂ മാഹി അഴീക്കല്‍ ബീച്ചിലെ കോട്ടക്കുന്നുമ്മല്‍ ഫൗജറിന്റെ മകന് ഹസന് ഷാക്കിബിനെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മര്‍ദ്ദിച്ച കേസിലാണ് ചോമ്പാല പള്ളിപ്പറമ്പത്ത് മുത്തുക്കോയ തങ്ങള്‍(63), ചെറ്റംകുന്ന് സീനാസില്‍ മുഹമ്മദ് റിയാസ്(40) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകുന്നേരമാണ് രണ്ട് പ്രതികളുടേയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രോഗിയായ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം നടന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഇത് സംബന്ധിച്ച് ഇന്നലെ രാഷ്ട്രദീപികവാര്ത്ത പ്രസിദീകരിച്ചതിനു പിന്നാലെയാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.അറസ്റ്റിലായ രണ്ട് പ്രതികള്‍ക്കും പോലീസ് സ്റ്റേഷനില്‍ നിന്നും ജാമ്യം നല്കി വിട്ടയച്ചു.ഇതിനിടയില്‍ പ്രതികള്‍ക്കെതിരെ നിസാര വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളതെന്ന വാദം ശക്തമായിട്ടുണ്ട്.
ഇത് പ്രതികളെ രക്ഷിക്കാന്‍ അണിയറയില്‍ നടന്ന നീക്കത്തിന്റെ ഭാഗമാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. കുട്ടിക്ക് മര്‍ദ്ദനമേറ്റ ആശുപത്രിയിലെ ഒരു ഡോക്ടര്‍ തന്നെ കേസ് ദുര്‍ബലമാക്കാന്‍ ശ്രമിച്ചിട്ടുള്ളതായും പറയപ്പെടുന്നുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വാഷണം നടത്തി വരികയാണെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്മാന് മാത്യു തെള്ളിയില്‍ പറഞ്ഞു.
തലശേരിയിലെ സ്വകര്യ ആശുപത്രിയില്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുന്ന ഹസന് ഷാക്കിബിനെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരു നിംഹാന്‍സ് ആശുപത്രിയിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ന്യൂറോ സംബന്ധമായ അപൂര്‍വ്വ രോഗത്തിന് ചികിത്സയിലാണ് ഹസന് ഷാക്കിബും സഹോദരന് ഹുസന്‍ ഷാക്കിബും. ഇരുവരും ഇരട്ട സഹോദരങ്ങളുമാണ്.